കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ തള്ളി. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഇബ്രാഹിംകുഞ്ഞ് നിലവില്‍ ചികിത്സയില്‍ കഴിയുന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഒരു ദിവസം ചോദ്യം ചെയ്യാന്‍ വിജിലന്‍സിന് കോടതി അനുമതി നല്കി.
നവംബര്‍ 30ന് ചോദ്യം ചെയ്യാനാണ് വിജിലന്‍സിന് അനുമതി നല്‍കിയത്. ഏഴു നിബന്ധനകളോടെ മാത്രമായിരിക്കും ചോദ്യം ചെയ്യല്‍. രാവിലെ 9 മുതല്‍ 12 വരെയും ഉച്ചയ്ക്ക് മൂന്നു മുതല്‍ അഞ്ച് വരെയും ചോദ്യം ചെയ്യാം. ഒരു മണിക്കൂര്‍ ചോദ്യം ചെയ്തല് 15 മിനിറ്റ് വിശ്രമം. ചോദ്യം ചെയ്യുന്ന സംഘത്തില്‍ മൂന്നു പേര് മാത്രമേ ഉണ്ടാകാവൂവെന്നും നിബന്ധനയില്‍ പറയുന്നു.
ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന് വ്യക്തമാക്കി മെഡിക്കല്‍ ബോര്‍ഡ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് ഇബ്രാഹിംകുഞ്ഞിനെ തുടര്‍ചികിത്സയ്ക്കായി സര്‍ക്കാര്‍ ആശുപത്രിയിലക്ക് മാറ്റണമെന്ന ആവശ്യത്തില്‍ നിന്ന് വിജിലന്‍സ് നേരത്തെ പിന്മാറിയിരുന്നു.