ന്യൂഡെൽഹി: കസ്റ്റഡി പീഡനം തടയുന്നതിനായി രാജ്യത്തെ പോലീസ് സ്റ്റേഷനുകളിൽ സിസിടിവി സ്ഥാപിക്കുന്നതു സംബന്ധിച്ച ഹർജി സുപ്രീം കോടതി വിധി പറയാനായി മാറ്റി. ഇതുസംബന്ധിച്ച മാർഗരേഖ സുപ്രീംകോടതി പുറത്തിറക്കും.
പോലീസ് സ്റ്റേഷനുകളിൽ ഓഡിയോ സംവിധാനമുള്ള സിസിടിവി സ്ഥാപിക്കണമെന്നും അതിലെ ദൃശ്യങ്ങൾ 45 ദിവസമെങ്കിലും സൂക്ഷിച്ചു വയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും ജസ്റ്റീസ് രോഹിൻടണ്‍ നരിമാൻ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.
കസ്റ്റഡി പീഡനം തടയുന്നതിനായി രാജ്യത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും സിസിടിവി സ്ഥാപിക്കണമെന്നു 2018ൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് പ്രകാരം ഏതൊക്കെ പോലീസ് സ്റ്റേഷനുകളിൽ എവിടെയൊക്കെ എത്രമാത്രം സിസിടിവികൾ വച്ചു എന്ന് അറിയിക്കാൻ കോടതി എല്ലാ സംസ്ഥാനങ്ങളോടും നിർദേശിച്ചു. ഭൂരിഭാഗം സംസ്ഥാനങ്ങളും കൃത്യമായ മറുപടി നൽകിയില്ല. ഈ സാഹചര്യത്തിലാണ് മാർഗരേഖ പുറത്തിറക്കുന്നതിനെ കുറിച്ച് കോടതി ആലോചിക്കുന്നത്.
സ്റ്റേഷനുകളിൽ കാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയില്ലാത്ത അപ്രധാന സ്ഥലങ്ങളുള്ളത് കസ്റ്റഡി പീഡന കേന്ദ്രങ്ങളായി മാറുന്നത് തടയേണ്ടതുണ്ടെന്നും മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു. മികച്ച മൈക്രോഫോണുകളുള്ള സിസിടിവികൾ സ്ഥാപിച്ചാൽ മാത്രമേ ദൃശ്യങ്ങൾക്കൊപ്പം ശബ്ദവും ലഭിക്കുകയുള്ളു.
എന്നാൽ, ഇവയൊന്നും സ്വകാര്യത ലംഘിക്കുന്ന തരത്തിലാകരുതെന്നും ജസ്റ്റീസുമാരായ കെ.എം. ജോസഫ്, അനിരുദ്ധ ബോസ് എന്നിവർ കൂടി ഉൾപ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടി.