മുംബൈ: ടെലിവിഷൻ റേറ്റിങ് പോയൻറ് (ടിആർപി) തട്ടിപ്പുകേസിൽ റിപ്പബ്ലിക് ടി.വി, ഫകത് മറാത്തി, ബോക്സ് സിനിമ ചാനലുകളുടെയും ഹാൻസ് റിസർച് ഗ്രൂപ്പിെൻറയും ജീവനക്കാർക്കെതിരെ മുംബൈ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ചാനൽ ഉപഭോക്താക്കൾക്ക് പണം നൽകി ടിആർപി റേറ്റിങ് പെരുപ്പിച്ചു എന്ന കേസിൽ ചൊവ്വാഴ്ച ദക്ഷിണ മുംബൈയിലെ കോടതി മുമ്പാകെയാണ് കുറ്റപത്രം നൽകിയത്.
ബാരോമീറ്റർ സ്ഥാപിച്ച് റേറ്റിങ് നടത്തുന്ന ഹാൻസ് റിസർച് ഗ്രൂപ് നൽകിയ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് റിപ്പബ്ലിക് ടിവി അസിസ്റ്റൻറ് വൈസ് പ്രസിഡൻറ് ഘനശ്യാം സിങ് അടക്കം 12 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നഗരത്തിൽ ടി.ആർ.പി റേറ്റിങ്ങിനായി രണ്ടായിരത്തോളം വീടുകളിലാണ് ഹാൻസ് റിസർച് ഗ്രൂപ് ബാരോമീറ്റർ സ്ഥാപിച്ചത്.
വീടുകളിൽ ആളില്ലാത്തപ്പോൾപോലും പ്രത്യേക ചാനലുകൾ തുറന്നു വെക്കുന്നതിന് പ്രതിമാസം 500 രൂപ വീതം ഉപഭോക്താക്കൾക്ക് നൽകി എന്നാണ് കണ്ടെത്തൽ. ഇത്തരത്തിൽ പണം പറ്റിയ നാലു ചാനൽ ഉപഭോക്താക്കൾ കേസിൽ സാക്ഷികളാണ്. ഇവർ മജിസ്ട്രേറ്റിനു മുമ്പാകെ മൊഴി നൽകിയിട്ടുണ്ട്.