പ്രവാസി ജീവനക്കാരെ ഒഴിവാക്കാനൊരുങ്ങി കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം

കുവൈറ്റ് : കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയത്തിലെ കൂടുതല്‍ പ്രവാസി ജീവനക്കാരെ ഒഴിവാക്കി പകരം സ്വദേശികളെ നിയമിക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2020-21 സാമ്പത്തിക വര്‍ഷത്തില്‍ പിരിച്ചുവിടേണ്ട പ്രവാസികളുടെ പട്ടിക ഡിസംബറില്‍ ലഭ്യമാകുമെന്നും മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ റായ് ദിനപ്പത്രം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

അധ്യാപന രംഗത്തുള്ളവരെയും കൂടി ഉള്‍പ്പെടുത്തിയ പട്ടികയാണ് തയ്യാറാക്കാന്‍ സാധ്യത. ജീവനക്കാര്‍ കൂടുതലുള്ള മേഖലകളില്‍ നിന്നുള്ളവരെയായിരിക്കും ഇങ്ങനെ ഉള്‍പ്പെടുത്തുക.

വിവിധ രംഗങ്ങളില്‍ നിന്ന് പ്രവാസികളെ ഒഴിവാക്കാനുള്ള കടുത്ത നടപടികളുമായി മുന്നോട്ട് പോവുകയാണ് കുവൈറ്റ്. രാജ്യത്തെ ജനസംഖ്യയില്‍ സ്വദേശികളും-പ്രവാസികളും തമ്മിലുള്ള അനുപാതം ശരിയായ നിലയില്‍ എത്തിക്കണമെന്ന ആവശ്യത്തെ തുടര്‍ന്നാണ് ഈ നടപടികള്‍.