കൊല്‍ക്കത്ത: ബിസിസിഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി രാഷ്ട്രീയത്തിലേക്ക് കടക്കുമോ എന്നത് ചർച്ചയാണ്. ബംഗാളില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ഗാംഗുലി ഇറങ്ങുമെന്നുള്ള സൂചനകള്‍ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഗാംഗുലിക്കെതിരെ പ്രതികരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി.
സൗരവ് ഗാംഗുലിക്ക് രാഷ്ട്രീയം വഴങ്ങില്ലെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ അഭിപ്രായം. ബംഗാളിന്റെ ക്രിക്കറ്റ് മുഖമാണ് ഗാംഗുലി. ബംഗാളില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായ ഏക വ്യക്തി. പക്ഷെ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ അതു മതിയാകില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി സൗഗത റായി പറഞ്ഞു. ജനങ്ങളുടെ ബുദ്ധിമുട്ട് അദ്ദേഹത്തിന് മനസിലാകില്ലെന്നും അദ്ദേഹം പറയുന്നു.
ക്രിക്കറ്റിന് അപ്പുറമുളള മേല്‍വിലാസം ഗാംഗുലിക്കില്ലെന്നും സൗഗത റായി വ്യക്തമാക്കി. അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പില്‍ സൗരവ് ഗാംഗുലിയെ ഇറക്കാനുള്ള ശ്രമത്തിലാണ് ബിജെപി.
കൊല്‍ക്കത്ത ഉള്‍പ്പടെയുളള നഗരമേഖലകളില്‍ ഗാംഗുലിയെ രംഗത്തിറക്കിയാല്‍ നേട്ടമാകുമെന്നും ബിജെപി കരുതുന്നു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി അടുത്ത ബന്ധമുണ്ട് സൗരവ് ഗാംഗുലിക്ക്. എന്നാല്‍, രാഷ്ട്രീയത്തിലേക്കുള്ള വരവിനെക്കുറിച്ച് ഗാംഗുലി പ്രതികരിച്ചിട്ടില്ല.