ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ബിനാമികളെന്ന് സംശയിക്കുന്നവരില്‍ ചിലരെ വീണ്ടും ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ്. ഇവരെ ബിനീഷിനൊപ്പമിരുത്തി ചോദ്യം ചെയ്യാനാണ് നീക്കം.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) ഒക്ടോബർ 29നാണ് ബിനീഷിനെ അറസ്റ്റ് ചെയ്തത്.
നടപടിക്രമങ്ങൾ പാലിച്ചല്ല അറസ്റ്റ് ചെയ്തതെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ നൽകിയ ഹർജി 23ന് തള്ളിയതായി കോടതി വെബ്സൈറ്റിലുണ്ടെങ്കിലും പിൻവലിച്ചതാണെന്നും പുതിയ ഹർജി നൽകിയിട്ടുണ്ടെന്നുമാണ് ബിനീഷിന്റെ അഭിഭാഷകർ പറയുന്നത്.
എൻസിബി (നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ) കസ്റ്റഡിക്ക് എതിരെ ബിനീഷ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ബിനീഷുമായി വന്‍ തുകയുടെ സാമ്പത്തിക ഇടപാട് നടത്തിയ എസ്. അരുണിനും ബിനീഷിന്റെ ഡ്രൈവറായ അനിക്കുട്ടനും എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ് നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ ഹാജരായിട്ടില്ല.
അതേസമയം കള്ളപ്പണ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ബെംഗളൂരു പ്രത്യേക കോടതി 27നു പരിഗണിക്കാനായി മാറ്റി. ബിനീഷിന്റെ ജുഡീഷ്യൽ കസ്റ്റഡി ഇന്ന് അവസാനിക്കുന്നതിനാൽ ബിനീഷിനെ ബംഗളൂരു സിറ്റി സെഷന്‍സ് കോടതിയില്‍ ഹാജരാക്കും. ജാമ്യാപേക്ഷയില്‍ വെള്ളിയാഴ്ച കോടതി തുടര്‍വാദം കേള്‍ക്കും.
നിലവിൽ പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ വിചാരണത്തടവിലാണ് ബിനീഷ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും ആവശ്യപ്പെട്ടില്ലെങ്കിൽ ജുഡീഷ്യൽ കസ്റ്റഡി നീട്ടാനാണു സാധ്യത.