കോഴിക്കോട്: മലയാളിയുടെ മനസ്സിൽ നിന്ന് മാഞ്ഞുപോകാത്ത മറഡോണയുടെ പിറന്നാൾ ആഘോഷം ഉണ്ട്. 2012 ൽ കണ്ണൂർ മുനിസിപ്പൽ സ്റ്റേഡിയത്തിലാണ് നടന്നത്. ചെമ്മണൂർ ജൂവലറിയുടെ ഉദ്ഘാടനച്ചടങ്ങിലാണ് ആഘോഷം സംഘടിപ്പിച്ചത്. വിജയനെയും കായികമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനെയും എംഎൽഎ, എപി അബ്ദുള്ളക്കുട്ടിയെയും ബോബി ചെമ്മണൂരിനെയും യു. ഷറഫലിയെയും ചേർത്തുനിർത്തി മാറഡോണ കേക്കുമുറിച്ചു.
മൈതാനത്തിൽനിന്ന്
‘ഹാപ്പി ബർത്ത് ഡേ ഡീഗോ’ മുഴങ്ങിക്കൊണ്ടിരുന്നു. ഇരുകൈയുകളുമുയർത്തി ഡീഗോ തിരിച്ചുപറഞ്ഞു ‘വിവാ ഇന്ത്യ, വിവാ ഇന്ത്യ, ഐ ലവ് കേരള’… പിറന്നാൾ ദിനത്തിന് ആറ് ദിവസം മുമ്പാണ് ചടങ്ങ് നടന്നത്.
പിറന്നാൾ ആഘോഷം നടത്തുമെന്ന് സംഘാടകർ വ്യക്തമാക്കിയിരുന്നെങ്കിലും അവസാന നിമിഷം വരെ ആശങ്കയുണ്ടായിരുന്നു. താരത്തിന്റെ മാറിമറിയുന്ന സ്വഭാവംതന്നെ കാരണം. എന്നാൽ മാസ്മരികാന്തരീക്ഷത്തിൽ അലിഞ്ഞുചേർന്ന മാറഡോണ സമ്മതം മൂളിയതോടെ ആഘോഷം ഗംഭീരമായി നടന്നു. മാറഡോണയുടെ സ്റ്റേഡിയത്തിലേക്കുള്ള വരവും ആഘോഷവുമെല്ലാം നാടകീയമായിരുന്നു.
ഇതിഹാസതാരം വരുമെന്നറിഞ്ഞതോടെ പുലർച്ചെ നാല് മണിയോടെതന്നെ സ്റ്റേഡിയം നിറഞ്ഞിരുന്നു. 11.25-ഓടെ ഹെലികോപ്റ്ററിൽ സ്റ്റേഡിയത്തിനടുത്തുള്ള പോലീസ് ഗ്രൗണ്ടിലെത്തി. അവിടെനിന്ന് വേദിയിലേക്ക്.
പൊരിവെയിലിൽ മണിക്കൂറുകളോളം താരത്തിനായി കാത്തിരുന്ന കാണിക്കൂട്ടം ഇളകിമറിഞ്ഞു. ഡീഗോ വിളികൾ ഉച്ചത്തിലായി. എന്നും ആരാധകരാൽ ഉത്തേജിതനായിരുന്ന മാറഡോണ ഗൗരവം വിട്ട് ആവേശഭരിതനായി.
വേദിവിടുന്നതിന് തൊട്ടുമുമ്പായിട്ടാണ് വലിയ ഫുട്ബോൾ മൈതാനവും പന്തും ലോകകപ്പുമുള്ള കേക്ക് താരത്തിന് മുന്നിലെത്തിയത്.
ഐ എം വിജയനുമായി മനോഹരമായ പന്തുകളി, അവതാരക രഞ്ജിനി ഹരിദാസുമായി തകർപ്പൻ ഡാൻസ് ഒക്കെ മലയാളികൾക്ക് മായാത്ത ഓർമ്മകൾ സമ്മാനിച്ചു.