അനധികൃത സ്വത്ത് സമ്പാദന കേസ്; ഡി കെ ശിവകുമാർ സിബിഐയ്ക്ക് മുന്നിൽ ഹാജരായി

ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുതിർന്ന നേതാവും കർണാടക കോൺഗ്രസ് അദ്ധ്യക്ഷനുമായ ഡി കെ ശിവകുമാർ സിബിഐയ്ക്ക് മുന്നിൽ ഹാജരായി. ഇന്ന് വൈകുന്നേരം 3.50 ഓടെയാണ് ശിവകുമാർ ചോദ്യം ചെയ്യലിനായി സിബിഐയ്ക്ക് മുന്നിലെത്തിയത്. ഗംഗാനഗർ ബെല്ലാരി റോഡിലെ സിബിഐ ഓഫീസിലായിരുന്നു ചോദ്യം ചെയ്യൽ. 74.93 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ നവംബർ 19 നാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഡി കെ ശിവകുമാറിന് സിബിഐ നോട്ടീസ് നൽകിയത്.

23 ന് ഹാജരാകണമെന്നായിരുന്നു സിബിഐ നോട്ടീസിൽ നിർദ്ദേശിച്ചിരുന്നത്. എന്നാൽ മകന്റെ വിവാഹ നിശ്ചയമായിരുന്നതിനാൽ അന്നേദിവസം ഹാജരാകാൻ കഴിയില്ലെന്നും 25 ന് ഹാജരാകാമെന്നും ശിവകുമാർ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു.

കഴിഞ്ഞ മാസം ശിവകുമാറിന്റേയും സഹോദരൻ ഡി കെ സുരേഷിന്റേയും വീട്ടിൽ സിബിഐ സംഘം പരിശോധന നടത്തിയിരുന്നു. ശിവകുമാറുമായി ബന്ധമുള്ള 14 ഇടങ്ങളിലാണ് സിബിഐ പരിശോധന നടത്തിയത്. 57 ലക്ഷം രൂപയും വിവിധ രേഖകളുമാണ് പരിശോധനയിൽ കണ്ടെത്തിയത്.