കൊച്ചി: ശിവശങ്കറിനെ അഞ്ചു ദിവസം കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടു. പത്ത് ദിവസത്തെ കസ്റ്റഡിയാണ് കസ്റ്റംസ് ആവശ്യപ്പെട്ടത്. എന്നാൽ പത്ത് ദിവസം കസ്റ്റഡിയിൽ നൽകാനാവില്ലെന്ന് കോടതി വാക്കാൽ പറഞ്ഞു. സ്വപ്ന സരിത്ത് എന്നിവരെ അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. മൂവരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് കസ്റ്റംസിന്റെ നീക്കം.
അതേസമയം ശിവശങ്കർ വഹിച്ച ഉന്നത പദവികൾ കസ്റ്റഡി അപേക്ഷയിൽ ഉൾക്കൊള്ളിക്കാത്തതിൽ കസ്റ്റംസിനെതിരെ രൂക്ഷ വിമർശനവുമായി കോടതി. ശിവശങ്കർ നിരവധി ഉന്നത പദവികൾ വഹിച്ചയാളാണ്. എന്തുകൊണ്ട് അതൊന്നും രേഖപ്പെടുത്താതെ അച്ഛന്റെ പേര് മാത്രം സൂചിപ്പിച്ചതെന്നും അക്കാര്യങ്ങൾ രേഖപ്പെടുത്തുന്നതിൽ എന്തിനാണ് മടിയെന്നും കോടതി ചോദിച്ചു.
അന്വേഷണം ഉദ്യോഗസ്ഥൻ ഇക്കാര്യങ്ങളിൽ മറുപടി പറയണം. എന്തിനാണ് കസ്റ്റഡിയിൽ വേണമെന്ന് കൂടി അപേക്ഷയിൽ പറയണമെന്നും കോടതി ആവശ്യപ്പെട്ടു. നിരവധി തവണയായി അന്വേഷണം നടക്കുന്നു. പതിനൊന്നാം മണിക്കൂറിൽ അറസ്റ്റിന് പ്രേരിപ്പിച്ച ഘടകമെന്താണെന്നും കോടതി ചോദിച്ചു.
സ്വപ്നയുടെയും മറ്റു പ്രതികളുടേയും മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് കസ്റ്റംസ് മറുപടി നൽകി. മാധവൻ നായരുടെ മകൻ എന്നു മാത്രമാണ് ശിവശങ്കറിനെ കുറിച്ച് കസ്റ്റംസ് കസ്റ്റഡി അപേക്ഷയിൽ സൂചിപ്പിച്ചിരുന്നത്.
കസ്റ്റംസ് അന്വേഷണസംഘം ചൊവ്വാഴ്ചയാണ് ശിവശങ്കറിന്റെ അറസ്റ്റ് ജയിലിലെത്തി രേഖപ്പെടുത്തിയത്. സ്വർണക്കടത്ത് കേസിൽ 23-ാം പ്രതിയായാണ് ശിവശങ്കറിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. അന്വേഷണം വേഗത്തിലാക്കി കുറ്റപത്രം നൽകാനാണ് കസ്റ്റംസ് നീക്കം.