പുതുച്ചേരിയില്‍ മത്സ്യബന്ധനത്തിന് പോയ ഒന്‍പതു ബോട്ടുകള്‍ കാണാതായി; ഒരു ബോട്ടില്‍ ആറു പേര്‍ വീതം

കാരക്കല്‍: നിവാര്‍ ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പ് വകവയ്ക്കാതെ മത്സ്യബന്ധനത്തിന് പോയവര്‍ ഇതുവരെ മടങ്ങിയെത്തിയില്ല. പുതുച്ചേരി കാരക്കലില്‍ നിന്ന് പോയ ഒന്‍പത് ബോട്ടുകളാണ് കാണാതായത്. ചൊവ്വാഴ്ചയാണ് ഇവര്‍ മത്സ്യബന്ധനത്തിന് പുറപ്പെട്ടത്.

ഒരു ബോട്ടില്‍ ആറു മുതല്‍ 12 വരെ ആളുകളുണ്ടെന്നാണ് ഫിഷറീസ് വ്യക്തമാക്കുന്നത്. കോസ്റ്റ്ഗാര്‍ഡിനെ വിവരം അറിയിച്ചിട്ടുണ്ട്. ഇതിനോടകം ബോട്ടുകള്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചു കഴിഞ്ഞു.

23 ബോട്ടുകളാണ് കാരക്കലില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയത്. എന്നാല്‍, ഒന്‍പത് ബോട്ടുകള്‍ ഇതുവരെ കരയ്‌ക്കെത്തിയിട്ടില്ല. ഇന്ന് അര്‍ദ്ധരാത്രിയോടെ നിവര്‍ ചുഴലിക്കാറ്റ് പുതുച്ചേരി കരയിലെത്തുമെന്നാണ് മുന്നറിയിപ്പ്.

പുതുച്ചേരിയില്‍ പലയിടത്തും ശക്തമായ മഴയുമുണ്ട്. 145 കിലോമീറ്റര്‍ വേഗതയില്‍ പുതുച്ചേരിയില്‍ കാറ്റ് വീശുമെന്നുള്ള മുന്നറിയിപ്പും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്നുണ്ട്. അടുത്ത 12 മണിക്കൂര്‍ വളരെ നിര്‍ണായകമാണ്.