തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക് കൈമാറാനുള്ള കേന്ദ്രനടപടി സ്റ്റേ ചെയ്യണമെന്ന് കേരളം സുപ്രീംകോടതിയിൽ

ന്യൂഡെൽഹി: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി എന്റർപ്രൈസസിന് കൈമാറാനുള്ള കേന്ദ്ര സർക്കാർ നീക്കം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയെ സമീപിച്ചു. വിമാനത്താവള നടത്തിപ്പ് കൈമാറ്റം പൊതുതാത്പര്യത്തിന് അനുസൃതമല്ലെന്നും അദാനി ഗ്രൂപ്പിന് മുമ്പ് വിമാനത്താവളം നടത്തിയുള്ള മുൻ പരിചയം ഇല്ലെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ചൂണ്ടിക്കാട്ടി.

കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളുടെ നടത്തിപ്പ് കേരള സർക്കാരിന് ഓഹരി പങ്കാളിത്തമള്ള കമ്പനികൾക്കാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംസ്ഥാന സർക്കാരിനെ മറികടന്നു അദാനി ഗ്രൂപ്പിന് വിമാനത്താവളത്തിന്റെ നടത്തിപ്പ് കൈമാറുന്നതിൽ ക്രമക്കേട് ഉണ്ട്.

വിമാനത്താവളത്തിന്റെ ഭൂമി ഏറ്റെടുക്കൽ അടക്കമുള്ള നടപടി സംസ്ഥാന സർക്കാരാണ് പൂർത്തിയാക്കിയത്. അതിനാൽ വിമാനത്താവള നടത്തിപ്പ് സംസ്ഥാന സർക്കാർ രൂപീകരിക്കുന്ന കമ്പനിക്ക് കൈമാറണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കില്ലെന്ന് കേന്ദ്ര സർക്കാർ ഉറപ്പ് നൽകിയിരുന്നതായിരുന്നുവെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. വിമാനത്താവളത്തിന്റെ നടത്തിപ്പിനായി പ്രത്യേക കമ്പനി രൂപീകരിച്ച് സംസ്ഥാന സർക്കാരിനെ ഏർപ്പെടുത്തുക, അല്ലെങ്കിൽ റൈറ്റ് ഓഫ് ഫസ്റ്റ് റെഫ്യൂസൽ അധികാരം കമ്പനിക്ക് നൽകുക എന്നീ ആവശ്യങ്ങളാണ് കേരളം മുന്നോട്ടുവെച്ചത്.

അദാനി ഗ്രൂപ്പ് നൽകുന്ന അതെ തുകയ്ക്ക് വിമാനത്താവള നടത്തിപ്പ് ഏറ്റെടുക്കാൻ തയ്യാറാണെന്നും ഹർജിയിൽ സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.