ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് അറസ്റ്റ് ചെയ്യും;

കൊച്ചി: സ്വർണക്കടത്തു കേസിൽ റിമാൻഡിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് അന്വേഷണ സംഘം കാക്കനാട് ജില്ലാ ജയിലിലെത്തി ഇന്ന് അറസ്റ്റ് ചെയ്യും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നലെ ഇതിന് അനുമതി നൽകിയിരുന്നു. റിമാൻഡ് റിപ്പോർട്ടും അനുബന്ധ രേഖകളും സാമ്പത്തിക കുറ്റങ്ങളുടെ വിചാരണച്ചുമതലയുള്ള എറണാകുളം അഡി സിജെഎം കോടതിയിൽ നൽകും.

നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിലെ പ്രതികൾ കള്ളപ്പണം വെളുപ്പിച്ചെന്നാരോപിച്ച്. ഇഡി രജിസ്റ്റർ ചെയ്ത കേസിൽ ഒക്ടോബർ 28 നാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്. തുടർന്നാണ് സ്വർണക്കടത്തു കേസിൽ ശിവശങ്കറിന് പങ്കുണ്ടെന്ന് കണ്ടെത്തിയത്. ശിവശങ്കറിന് സ്വർണക്കടത്തിലുള്ള പങ്കെന്താണെന്ന് കണ്ടെത്താൻ കസ്റ്റംസിന് കഴിഞ്ഞിരുന്നില്ല. നവംബർ 13 ന് കോടതിയുടെ അനുമതി വാങ്ങി ശിവശങ്കറിനെയും നവംബർ 16 ന് സ്വപ്‌നയെയും ജയിലിൽ ചോദ്യം ചെയ്തിരുന്നു.

സ്വർണക്കടത്തിൽ ശിവശങ്കറിനു പങ്കുണ്ടെന്നതിന് നിർണായക തെളിവുകൾ ലഭിച്ചെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ അറസ്റ്റ് അനിവാര്യമാണെന്നും തുടർന്ന്‌, കസ്റ്റംസ് അധികൃതർ കോടതിയിൽ അറിയിച്ചു. അതുപ്രകാരമാണ് അനുമതി ലഭിച്ചത്.