ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം അടുത്ത 12 മണിക്കൂറിനുള്ളില്‍ നിവാര്‍ ചുഴലിക്കാറ്റായി മാറും. ബുധനാഴ്ച വൈകിട്ടോടെ തമിഴ്‌നാട് തീരം തൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. നവംബര്‍ 25ന് കാരയ്ക്കലിനും മാമല്ലാപുരത്തും ന്യൂനമര്‍ദ്ദം എത്തുന്നതോടെ കാറ്റിന്റെ വേഗത മണിക്കൂറില്‍ 100-110 കിലോമീറ്റര്‍ വേഗതയിലായിരിക്കുമെന്നാണ് മുന്നറിയിപ്പ്.
അതേസമയം, തമിഴ്‌നാടിനും പോണ്ടിച്ചേരിക്കും വേണ്ട എല്ലാ സഹായങ്ങളും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പ് നല്‍കി. കൊറോണ വാക്‌സിനുമായി ബന്ധപ്പെട്ട് മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് മോദിയുടെ വാഗ്ദാനം. ദുരിതബാധിത പ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ സുരക്ഷയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചിരുന്നു.
24നും 26നുമിടയില്‍ തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ ശക്തമായ മഴ ലഭിക്കും. വേണ്ട എല്ലാ മുന്‍കരുതലുകളും സംസ്ഥാനങ്ങള്‍ എടുത്തുകഴിഞ്ഞു. ഇവിടങ്ങളിലെ രക്ഷാപ്രവര്‍ത്തനത്തിനും മറ്റും എന്‍ഡിആര്‍എഫിലെ 30 ടീമുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കാരയ്ക്കല്‍, നാഗപട്ടണം, തഞ്ചാവുര്‍ ഉള്‍പ്പടെ തമിഴ്നാട്ടിലെ ഏഴ് ജില്ലകളില്‍ ബസ് സര്‍വീസ് ഇന്ന് ഒരുമണി മുതല്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവയ്ക്കും. നിവാര്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ മൂന്ന് സ്പെഷ്യല്‍ സര്‍വ്വീസുകള്‍ കൂടി ഭക്ഷിണ റെയില്‍വേ റദാക്കി. കാരയ്ക്കല്‍ പുതുച്ചേരി ഭുവനേശ്വര്‍ റൂട്ടിലുള്ള സര്‍വ്വീസുകളാണ് റദ്ദാക്കിയത്. നേരത്തേ ആറ് സെപ്ഷ്യന്‍ ട്രെയിനുകള്‍ റദ്ദാക്കിയിരുന്നു.
2011ല്‍ താനെ, 2012ല്‍ നിലം, 2016ല്‍ വര്‍ധ ചുഴലിക്കാറ്റുകള്‍ തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, പോണ്ടിച്ചേരി മേഖലയില്‍ വന്‍ നാശം വരുത്തിയിരുന്നു. 2016 ഡിസംബര്‍ 12ന് മണിക്കൂറില്‍ 105 കിലോമീറ്റര്‍ വേഗതയില്‍ വീശിയ വര്‍ധ 16 പേരുടെ ജീവനെടുത്തിരുന്നു