കോഴിക്കോട്: കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ - കർഷക വിരുദ്ധ നയങ്ങൾക്കെതിരെ 26ന് നടക്കുന്ന ദേശീയ പണിമുടക്ക് സംസ്ഥാനത്ത് പൂർണമാകും. 25ന് അർധരാത്രി മുതൽ 26ന് അർധരാത്രി വരെ 24 മണിക്കൂറാണ് പണിമുടക്ക്. എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയും സഹായവും നൽകണമെന്ന് ട്രേഡ് യൂണിയൻ സംയുക്ത സമിതി നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
യുജിസി പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്ക് പരീക്ഷാ കേന്ദ്രങ്ങളിൽ എത്താൻ തടസ്സമുണ്ടാവില്ല. ബാങ്കുകളുടെ പ്രവർത്തനം പൂർണമായും തടസ്സപെടും. സ്വകാര്യ വാഹനങ്ങളും അത്യാവശ്യങ്ങൾക്കൊഴികെ ഓടരുതെന്നാണ് യൂണിയനുകൾ നിർദേശിച്ചിരിക്കുന്നത്. ബിഎംഎസ് ഒഴികെയുള്ള യൂനിയനുകളെല്ലാം പണിമുടക്കും.
ഭൂരിപക്ഷം ജനങ്ങളെയും ബാധിക്കുന്ന പ്രശ്നങ്ങൾ ഉയർത്തിയാണ് പണിമുടക്ക്. തൊഴിലാളികളുടെ അവകാശങ്ങൾ ഹനിക്കുന്നതാണ് കേന്ദ്ര സർക്കാർ കൊണ്ടുവന്ന ലേബർ കോഡ്. ട്രേഡ് യൂനിയൻ രൂപവത്കരണം ദുഷ്കരമാക്കി. നിശ്ചിതകാല തൊഴിലെന്ന പുതിയ സമ്പ്രദായം സ്ഥിരം ജോലി ഇല്ലാതാക്കും. 90 ശതമാനത്തിലധികം വരുന്ന അസംഘടിത തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷയോ ന്യായമായ വേതനമോ ലേബർ കോഡ് ഉറപ്പാക്കുന്നില്ലെന്ന് സംയുക്ത സമിതി നേതാക്കൾ കുറ്റപ്പെടുത്തി.