കാസർകോട്: നടിയെ ആക്രമിച്ച കേസില്‍ മൊഴിമാറ്റി പറയാന്‍ തന്നെ സമീപിച്ച പ്രദീപ് കുമാര്‍ കൂലിക്കാരന് മാത്രമാണെന്നും വന്‍ഗൂഢാലോചന സംഭവത്തിന് പിന്നില്‍ നടന്നുവെന്നും മാപ്പ്സാക്ഷി വിപിന്‍ ലാല്‍.
പ്രദീപ് കൂലിക്കാരന് മാത്രമാണ്. പ്രദീപിനെ അയച്ചത് മറ്റാരോ ആണ്. അതാരാണെന്നത് കണ്ടെത്തണം. ഇതിന് പിന്നില്‍ വന്‍ഗൂഢാലോചന നടന്നിട്ടുണ്ടെന്നും വിപിന്‍ ലാല്‍ പറഞ്ഞു.
മാപ്പ്സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസില്‍ ഇന്ന് രാവിലെയാണ് ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത്. എംഎല്‍എയുടെ പത്തനാപുരത്തെ ഓഫീസിലെത്തിയാണ് ബേക്കല്‍ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അതേസമയം നടിയെ ആക്രമിച്ച കേസിൽ ദിലീപിന് അനുകൂലമായി മൊഴി മാറ്റിപ്പറയാൻ വലിയ തുക വാഗ്ദാനം ചെയ്തെന്ന് തൃശൂർ ചുവന്നമണ്ണ് സ്വദേശി ജിൻസൺ. എന്നാൽ ദിലീപിനെതിരായ സാക്ഷിമൊഴി മാറ്റിപ്പറയില്ലെന്നും ജിൻസൺ പറഞ്ഞു. ദിലീപിനെതിരായ മൊഴി മാറ്റിയാൽ 25 ലക്ഷം രൂപയും അഞ്ച് സെന്‍റ് ഭൂമിയും നൽകാമെന്നായിരുന്നു വാഗ്ദാനം. ഇക്കാര്യം ചൂണ്ടിക്കാട്ടി ജിൻസൺ പീച്ചി പൊലീസിൽ പരാതി നൽകിയിരുന്നു.
‘പൊലീസ് പറയുന്നത് കളവാണ് എന്ന് പറയണമെന്നായിരുന്നു ആവശ്യം. ദിലീപ് കുറ്റക്കാരനല്ലെന്ന് തോന്നുന്നുണ്ടോ എന്ന് വിളിച്ചയാളോട് താൻ ചോദിച്ചു. കേസിൽ സാക്ഷികളായ വിപിൻലാലിനെയും വിഷ്ണുവിനെയും സ്വാധീനിക്കുമെന്നും അവരും ദിലീപിന് അനുകൂലമായി മൊഴി നൽകുമെന്നും വിളിച്ചയാൾ പറഞ്ഞു. പ്രദീപ്കുമാറിന്‍റെ അറസ്റ്റോടെ അയാൾ പറഞ്ഞതുപോലെയാണ് കാര്യങ്ങൾ നീങ്ങുന്നത് എന്ന് മനസ്സിലായി. ഫോണിൽ വിളിച്ചതിന്‍റെ റെക്കോഡ് കൈവശമുണ്ടെന്നും പൊലീസിന് നൽകും’- ജിൻസൺ പറഞ്ഞു.