ന്യൂഡെല്‍ഹി: ഓക്‌സ്‌ഫോഡ് ആസ്ട്രസെനെക വാക്‌സിന്‍ കൊറോണ തടയുന്നതില്‍ 70 ശതമാനം ഫലപ്രദമാണെന്ന് പരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ കമ്പനി തെളിയിച്ചിരിക്കുകയാണ്. 90 ശതമാനം ഉറപ്പാണ് കമ്പനി നല്‍കുന്നത്. ആസ്ട്രസെനെക വാക്‌സിന്‍ നിര്‍മ്മിക്കുന്ന സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ആദ്യ പരിഗണന ഇന്ത്യയ്ക്ക് നല്‍കുമെന്നാണ് സൂചന.
വാക്‌സിന്റെ 40 മില്യണ്‍ ഡോസുകള്‍ നിര്‍മ്മാതാക്കള്‍ ഇതുവരെ ഉത്പാദിപ്പിച്ചുവെന്നാണ് പറയുന്നത്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് 90 ശതമാനം ഡോസുകളും ഇന്ത്യന്‍ സര്‍ക്കാരിന് 250 രൂപയ്ക്ക് കൊടുക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് എസ്‌ഐഐ ചെയര്‍മാന്‍ അദാര്‍ പൂനാവാല പറയുന്നു.
ഉത്പ്പാദിപ്പിക്കുന്നതിന്റെ 90% ഇന്ത്യന്‍ സര്‍ക്കാരിനാകും നല്‍കുക. ബാക്കി പത്തുശതമാനം ഉയര്‍ന്ന വിലയില്‍ സ്വകാര്യ മാര്‍ക്കറ്റുകള്‍ക്കും നല്‍കും. സ്വകാര്യ മാര്‍ക്കറ്റുകള്‍ക്ക് ആയിരം രൂപയ്ക്കാകും വാക്‌സിന്‍ നല്‍കുക എന്നും അദാര്‍ അറിയിച്ചു.
23,000 പേരില്‍ നടത്തിയ പരീക്ഷണത്തിന് ശേഷമാണ് വൈറസിനെ തടയുന്നതില്‍ വാക്‌സിന്‍ എഴുപത് ശതമാനം ഫലപ്രദമാണെന്ന് ആസ്ട്ര സെനെകയും ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയും കഴിഞ്ഞ ദിവസം അറിയിച്ചത്. ഇതിന് പുറമെ മറ്റ് വാക്‌സിനുകള്‍ വളരെ ഉയര്‍ന്ന തണുപ്പില്‍ സൂക്ഷിക്കേണ്ടി വരുമ്പോള്‍ ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ സാധാരണ ശീതീകരണ താപനിലയില്‍ എത്തിക്കാനാകുമെന്നും ഇവര്‍ അറിയിച്ചിരുന്നു.
അതേസമയം, ഫിസര്‍, മോഡേണ വാക്‌സിന്‍ എന്നിവയുള്‍പ്പെടെ യുഎസ് വികസിപ്പിച്ചെടുക്കുന്ന കൊറോണ വാക്‌സിനുകളേക്കാള്‍ വിലകുറഞ്ഞ വാക്‌സിനുകള്‍ സ്പുട്‌നിക് വി വാക്‌സിനുകളാണെന്ന് റഷ്യ വ്യക്തമാക്കുന്നു.