പിഎസ്‌സി റാങ്ക് പട്ടികയില്‍നിന്ന് കെഎപിയിലേക്ക് നിയമിച്ചില്ല; സംസ്ഥാന സർക്കാരിനും പിഎസ്‌സിക്കും സുപ്രീം കോടതി നോട്ടീസ്

ന്യൂഡെൽഹി: കേരള അർമെഡ് പൊലീസ് (കെഎപി) ബറ്റാലിയനിലേക്കുള്ള പിഎസ്‌സി റാങ്ക് പട്ടികയിൽനിന്ന് നിയമനം നടത്താത്തതിന് എതിരായ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. സംസ്ഥാന സർക്കാരിനും പിഎസ്‌സിക്കും ആണ് ജസ്റ്റിസ് എൽ. നാഗേശ്വർ റാവുവിന്റെ അധ്യക്ഷതയിലുള്ള സുപ്രീം കോടതി ബെഞ്ച് നോട്ടീസ് അയച്ചത്.

2016-ലെ റാങ്ക് പട്ടികയിൽനിന്ന് നിയമനം നടത്തിയില്ലെന്ന ഹർജിയിലാണ് നോട്ടീസ്. കെഎപി 1, കെഎപി 5 ബറ്റാലിയനുകളിലായി 280-ഓളം ഒഴിവുകൾ നികത്താൻ നേരത്തെ കേരള അഡ്മിനിസ്ട്രിട്രേറ്റിവ് ട്രിബ്യുണൽ ഉത്തരവിട്ടിരുന്നു. എന്നാൽ ട്രിബ്യുണൽ ഉത്തരവ് ഹൈ കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ റാങ്ക് പട്ടികയിൽ സ്ഥാനം പിടിച്ചവരാണ് സുപ്രീം കോടതിയെ സമീപിച്ചത്.

2016-ലെ റാങ്ക് പട്ടികയുടെ കാലാവധി 2018-ൽ കഴിഞ്ഞിരുന്നു. ഹർജിക്കാർക്ക് വേണ്ടി സീനിയർ അഭിഭാഷകരായ വി. ചിദംബരേഷ്, പി.എൻ. രവീന്ദ്രൻ, അഭിഭാഷകർ ആയ റോയ് എബ്രഹാം, പി.എസ്. സുധീർ എന്നിവർ ഹാജരായി.