ആഗോളതലത്തില്‍ എണ്ണവില കുറഞ്ഞിട്ടും രാജ്യത്ത് നാലാം ദിവസവും തുടർച്ചയായ ഇന്ധനവില വര്‍ധന

കൊച്ചി: അസംസ്‌കൃത എണ്ണവില ആഗോളതലത്തില്‍ കുറഞ്ഞുനില്‍ക്കുമ്പോഴുംരാജ്യത്ത് തുടര്‍ച്ചയായ നാലാം ദിവസവും ഇന്ധനവിലയില്‍ വര്‍ധന. ദീപാവലിയോടനുബന്ധിച്ച് ഇന്ധനവില കുറയുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും രാജ്യത്ത് എണ്ണവില കുറയ്ക്കുന്നതിന് പകരം
വർധിപ്പിക്കുകയാണ് കമ്പനികൾ ചെയ്തത്.

മുന്‍ മാസത്തെ അപേക്ഷിച്ച് ഒരു ലിറ്റര്‍ പെട്രോളില്‍ 4.78 രൂപയുടെ മാര്‍ജിനാണ് എണ്ണവിതരണ കമ്പനികള്‍ക്ക് ലഭിക്കുന്നതെന്ന് ഐസിഐസിഐ സെക്യൂരിറ്റീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

പെട്രോള്‍ ലിറ്ററിന് ഏഴു പൈസയും ഡീസല്‍ 19 പൈസയുമാണ് ഇന്നു കൂടിയത്. തിരുവനന്തപുരത്ത് 83.53 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡീസല്‍ വില 76.89 രൂപയായി. ഒന്നര മാസത്തിനു ശേഷം വെള്ളിയാഴ്ചയാണ് ആദ്യമായി രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധന രേഖപ്പെടുത്തിയത്.

ഇന്നലെ പെട്രോള്‍ ലിറ്ററിന് 8 പൈസയും ഡീസല്‍ 20 പൈസയും വര്‍ദ്ധിച്ചിരുന്നു. കൊച്ചിയില്‍ ഇന്ന് 81 രൂപ 72 പൈസയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഒരു ലിറ്റര്‍ ഡീസലിന് 75 രൂപ 18 പൈസ നല്‍കണം.