എൻഫോഴ്സ്മെൻ്റിന് എതിരെ നിയമസഭയിൽ വീണ്ടും അവകാശലംഘന നോട്ടീസിന് സർക്കാർ

തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റി നെതിരെ നിയമസഭയിൽ വീണ്ടും അവകാശലംഘന നോട്ടീസ് നൽകാൻ സർക്കാർ. മസാല ബോണ്ട് അന്വേഷണവുമായി ബന്ധപ്പെട്ടാണ് നോട്ടീസ് നൽകാൻ വീണ്ടും സർക്കാർ ഒരുങ്ങുന്നത്.

നിയമസഭയിൽ സമർപ്പിക്കും മുമ്പ് റിപ്പോർട്ടിലെ പരാമർശങ്ങളെക്കുറിച്ച് ഇഡി അന്വേഷണം നടത്തുന്നത് സഭയുടെ അവകാശ ലംഘനമാണ് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരിക്കും നോട്ടീസ്. നിയമസഭയിൽ ഭരണപക്ഷ എംഎൽഎ സർക്കാരിന് വേണ്ടി സ്പീക്കറെ സമീപിക്കും. എം സ്വരാജ് എംഎൽഎ ചട്ടലംഘന നോട്ടീസ് നൽകുമെന്ന് ധന വകുപ്പ് വൃത്തങ്ങൾ അറിയിച്ചു.

സംസ്ഥാനങ്ങൾ വിദേശ വായ്പ എടുക്കാൻ പാടില്ലെന്ന ചട്ടം കേരളം മസാല ബോണ്ടിലൂടെ ലംഘിച്ചുവെന്ന സിഎജി പരാമർശത്തിന്റെ അടിസ്ഥാനത്തിലാണ് ഇഡിയുടെ നീക്കം. ഇതിൽ വിദേശനാണ്യ വിനിമയ നിയമത്തിന്റെ (ഫെമ) ലംഘനമുണ്ടെന്നാണ് ഇഡി സംശയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ റിസർവ് ബാങ്കിനോട് വിശദീകരണം തേടി. അടുത്ത ഘട്ടത്തിൽ കിഫ്ബിയോടും ധന വകുപ്പിനോടും ഇഡി രേഖകൾ ആവശ്യപ്പെടും. റിസർവ് ബാങ്ക് മസാല ബോണ്ടിന് അനുമതി നൽകിയത് സംശയാസ്പദമാണെന്നു സിഎജി നിരീക്ഷിച്ചിരുന്നു.

ലൈഫ് പദ്ധതിയിലെ ഫയലുകൾ ആവശ്യപ്പെട്ടതിന് ഇഡിക്കെതിരേയുള്ള അവകാശലംഘന നോട്ടീസ് നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റിയുടെ പരിഗണനയിലാണ്. ഇഡിയുടെ മറുപടി മാധ്യമങ്ങൾക്കു ചോർന്നതിനെക്കുറിച്ച് കമ്മിറ്റി വിശദീകരണം ചോദിച്ചിട്ടുണ്ട്. ഫയൽ ആവശ്യപ്പെടുന്നതു പോലെയല്ല, നിയമസഭയിൽ ഇനിയുമെത്താത്ത റിപ്പോർട്ടിന്റെ പേരിലെ അന്വേഷണം അസാധാരണമാണെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.