തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കും. മല്‍സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്കുള്ള ചിഹ്നം ഇന്ന് അനുവദിക്കും. വിമതരെ പിന്‍വലിക്കാനുള്ള അവസാനവട്ട ശ്രമത്തിലാണ് മൂന്ന് മുന്നണികളും.
സംസ്ഥാനത്തെ സ്ഥാനാര്‍ഥി ചിത്രം ഇന്ന് വൈകീട്ടോടെ വ്യക്തമാകും. മൂന്ന് മണി വരെയാണ് പത്രിക പിന്‍വലിക്കാനുള്ള സമയം. ഇതിന് ശേഷം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്തിമ പട്ടിക തയ്യാറാക്കും. പിന്നാലെ വരണാധികാരികള്‍ സ്ഥാനാര്‍ഥി പട്ടിക നോട്ടീസ് ബോര്‍ഡുകളില്‍ ഇടും. പട്ടികയുടെ ഒരു പകര്‍പ്പ് സ്ഥാനാര്‍ഥിക്കോ തെരഞ്ഞെടുപ്പ് ഏജന്‍റിനോ നല്‍കും. സ്ഥാനാര്‍ഥികളുടെ
പേരുകള്‍ മലയാളം അക്ഷരമാല ക്രമത്തില്‍ ക്രമീകരിച്ചാകും പട്ടിക തയാറാക്കുക. സ്ഥാനാര്‍ഥിയുടെ പേരിനൊപ്പം വിലാസവും മല്‍സരിക്കുന്ന ചിഹ്നവും ഉണ്ടാവും. ഓരോ സ്ഥാനാര്‍ഥിക്കും റിട്ടേണിങ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ തിരിച്ചറിയല്‍ കാര്‍ഡും നല്‍കും.
സ്ഥാനാര്‍ഥികള്‍ക്ക് അവരെ തിരിച്ചറിയുന്നതിന് പേരിനൊപ്പം കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്താം. നാട്ടില്‍ അറിയപ്പെടുന്ന പേരോ ജോലിസംബന്ധമായ വിശേഷണങ്ങളോ കൂട്ടിചേര്‍ക്കാന്‍ വരണാധികാരിക്ക് അപേക്ഷ നല്‍കാം. ഒന്നരലക്ഷത്തിലധികം സ്ഥാനാര്‍ഥികളാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നത്. പലയിടങ്ങളിലും വിമത സ്ഥാനാര്‍ഥികള്‍ മുന്നണികള്‍ക്ക് തലവേദനയിട്ടുണ്ട്. വിമതരെ പിന്തിരിപ്പിക്കാനുള്ള ശ്രമത്തിലാണ് മുന്നണികള്‍.