കുവൈറ്റിൽ ആദ്യ കൊറോണ വാക്​സിനെടുക്കുക ആരോഗ്യ മന്ത്രി

കുവൈറ്റ് : കുവൈത്തിൽ കൊറോണ വാക്​സിൻ ആദ്യം ഉപയോഗിക്കുക ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹ്​. വാക്​സിൻ സംബന്ധിച്ച ആശങ്കകളും സംശയങ്ങളും ദൂരീകരിക്കുന്നതിനാണ്​ ആരോഗ്യ മന്ത്രി ​മുന്നിൽനിന്ന്​ മാതൃക കാണിക്കുന്നത്​. ഡോ. ബാസിൽ അസ്സബാഹിൻ്റെ നേതൃത്വത്തിൽ കുവൈത്ത്​ ആരോഗ്യ മന്ത്രാലയത്തിൻ്റെ പ്രവർത്തനത്തിൽ പൊതുവെ തൃപ്​തിയാണുള്ളത്​. പ്രതിപക്ഷത്തുള്ള എംപിമാർ പോലും മന്ത്രാലയത്തെയും മന്ത്രിയെയും അഭിനന്ദിച്ച്​ രംഗത്തെത്തി.

കൊറോണ പ്രതിരോധത്തിന്​ മുൻനിരയിൽ നിൽക്കുന്ന ആരോഗ്യ പ്രവർത്തകരെ ചേർത്തുപിടിക്കുന്ന മന്ത്രിയുടെ ശൈലി ജീവനക്കാർക്കും സന്തോഷം പകരുന്നതാണ്. കൊറോണ പ്രതിരോധത്തിലെ ആഗോള തലത്തിലെ ചലനങ്ങൾ സൂക്ഷ്​മമായി നിരീക്ഷിക്കുന്ന കുവൈത്ത്​ വാക്​സിൻ ഏറ്റവുമാദ്യം രാജ്യത്ത്​ ലഭ്യമാക്കാനാണ്​ ശ്രമിക്കുന്നത്​.

അതേസമയം, കൊറോണ വാക്​സിൻ എടുക്കാൻ മുൻനിര ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ആരെയും നിർബന്ധിക്കില്ലെന്ന്​ അധികൃതർ വ്യക്​തമാക്കിയിട്ടുണ്ട്​. പരീക്ഷണ ഘട്ടത്തിലുള്ള വാക്​സിനുകളുടെ ഫലപ്രാപ്​തിയിൽ നൂറുശതമാനം ഉറപ്പുപറയാൻ കഴിയാത്തതിനാലും പാർശ്വഫലങ്ങളെ സംബന്ധിച്ച പഠന റിപ്പോർട്ടുകൾ പുറത്തുവരാത്തതിനാലുമാണ്​ ആദ്യ ഘട്ടത്തിൽ വാക്​സിൻ എടുക്കാൻ നിർബന്ധിക്കാതിരിക്കുന്നത്​.

വാക്​സിനേഷന്​ ആരോഗ്യ പ്രവർത്തകർ, പ്രായമായവർ, ഭിന്നശേഷിക്കാർ, മാറാരോഗികൾ തുടങ്ങിയവർക്ക്​ മുൻഗണന നൽകുന്നുണ്ട്​. കുട്ടികൾക്ക്​ വാക്​സിൻ നൽകില്ല. ആരോഗ്യ മന്ത്രി ആദ്യം വാക്​സിൻ എടുക്കുന്നതോടെ ആശങ്ക മാറി മിക്കവാറും ആളുകൾ വാക്​സിനേഷന്​ തയാറാവുമെന്നാണ്​ പ്രതീക്ഷ.