കൊച്ചി: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് സിബിഐ അന്വേഷിക്കും. കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചതാണ് ഇക്കാര്യം. കേസ് സിബിഐയ്ക്ക് വിട്ട് കഴിഞ്ഞ സെപ്റ്റംബർ 24ന് സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പോപ്പുലർ ഫിനാൻസ് കമ്പനിക്കെതിരെ റജിസ്റ്റർ ചെയ്ത 1368 കേസുകളും സിബിഐ ഏറ്റെടുക്കും.
പോപ്പുലർ ഫിനാൻസ് ഉടമകൾ നിക്ഷേപം വിദേശത്തേക്ക് കടത്തിയതായി സംസ്ഥാന പൊലീസ് കണ്ടെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേസ് സിബിഐക്ക് കൈമാറാൻ സംസ്ഥാന സർക്കാർ ശുപാർശ ചെയ്തത്.
ഇതിനായി പ്രത്യേക സംഘത്തെയും സിബിഐ രൂപീകരിക്കും. വിപുലമായ നിക്ഷേപത്തട്ടിപ്പ് നടന്ന സാഹചര്യത്തിൽ കേസ് അന്വേഷിക്കാൻ പ്രത്യേക സംഘമില്ലാതെ കഴിയില്ല.രണ്ടായിരം കോടി രൂപയിൽ അധികം വരുന്ന തട്ടിപ്പിന്‍റെ അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറണമെന്നായിരുന്നു തുടക്കം മുതൽ സംസ്ഥാന സർക്കാരിന്‍റെ നിലപാട്.
ഇതേ ആവശ്യം ഉന്നയിച്ച് നിരവധി നിക്ഷേപകർ ഹൈക്കോടതിയെ സമീപിച്ചതോടെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിലും സിബിഐ അന്വേഷണത്തിന് പച്ചക്കൊടി കാട്ടി. സെപ്റ്റംബർ 16ന് സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ സുമൻ ചക്രവർത്തി കേസ് സിബിഐ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തയച്ച വിവിരവും കേടതിയെ അറിയിച്ചിരുന്നു.