ബാർകോഴ കേസ്; മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനുമെതിരേ ഗുരുതര ആരോപണം; മുന്നണികൾ അഡ്ജസ്റ്റ്മെൻ്റ് രാഷ്ട്രീയം കളിക്കുന്നു ; ബിജു രമേശ്

തിരുവനന്തപുരം: ബാർ കോഴയിൽ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനുമെതിരേ ഗുരുതര ആരോപണവുമായി ബിജു രമേശ്. അന്വേഷണത്തിൽ ഇടതുവലതു മുന്നണികൾ അഡ്ജസ്റ്റ്മെൻ്റ് രാഷ്ട്രീയം കളിക്കുകയാണെന്ന് രാജാധാനി ഗ്രൂപ്പ് മേധാവിയും ബാറുടമയുമായിരുന്ന ബിജു രമേശ് പറയുന്നു.

കെ.എം മാണി മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിൽചെന്നുകണ്ട ശേഷമാണ് ബാർ കോഴക്കേസിലെ അന്വേഷണം നിലച്ചതെന്ന് ബിജു രമേശ് ആരോപിച്ചു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം പോലീസ് ഹെഡ്ക്വാർട്ടേഴ്സിലേക്ക് അന്വേഷണം നിർത്താൻ നിർദേശം പോയെന്നും അദ്ദേഹം ആരോപിച്ചു.

രഹസ്യമൊഴി നൽകാതിരിക്കാൻ ആഭ്യന്തര മന്ത്രിയായിരുന്ന സമയത്ത് രമേശ് ചെന്നിത്തലയുടെ ഗൺ മാൻ എന്നുപറഞ്ഞ് ഒരാൾ വിളിച്ചു. എന്നിട്ട് ചെന്നിത്തലയുടെ ഭാര്യയാണ് ഫോണിൽ സംസാരിച്ചത്. ഞങ്ങളെ ഉപദ്രവിക്കരുതെന്ന് തന്നോട് ആവർത്തിച്ച് ആവശ്യപ്പെട്ടു. ഇതനുസരിച്ചാണ് മൊഴിയിൽ ചെന്നിത്തലയുടെ പേര് പറയാതിരുന്നതെന്നും ബിജു രമേശ് വ്യക്തമാക്കി.

കേസുമായി മുന്നോട്ടുപോയ തനിക്ക് ന്യായവും നീതിയും ലഭിക്കുന്നില്ല. എല്ലാ രാഷ്ട്രീയക്കാരും ഒരുപോലെയാണ്. കേസ് പരസ്പരം ഒത്തുതീർപ്പാക്കാനാണ് സിപിഎമ്മും കോൺഗ്രസും ശ്രമിക്കുന്നത്. ഇപ്പോഴത്തെ വിജിലൻസ് അന്വേഷണത്തിൽ വിശ്വാസമില്ല. ഇക്കാര്യത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തണമെന്നും ബിജു രമേശ് ആവശ്യപ്പെട്ടു.

ആദ്യം തനിക്ക് പിന്തുണ നൽകിയ പിണറായിയും കോടിയേരി ബാലകൃഷ്ണനും പിന്നീട് നിലപാട് മാറ്റി. ജോസ് കെ മാണി സ്വാധീനിക്കാൻ ശ്രമിച്ചതുൾപ്പെടെയുള്ള കാര്യങ്ങളും നിരവധി നേതാക്കളുടെ പേരുവിവരങ്ങളും വിജിലൻസിന് മുമ്പ് മൊഴി നൽകിയതാണ്. എന്നാൽ അതൊന്നും അന്വേഷിക്കാൻ അധികാരമില്ലെന്നാണ് വിജിലൻസ് തന്നോട് പറഞ്ഞത്. ആരോപണത്തിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നുവെന്നും കൂടുതൽ തെളിവുകൾ കൈവശമുണ്ടെന്നും ബിജു രമേശ് വ്യക്തമാക്കി.

ബാർ കോഴ വിഷയത്തിൽ സിപിഎമ്മിന് ഒരു ആദർശവുമില്ല, തന്നെ എപ്പോഴും ഉപയോഗിക്കാവുന്ന കരുവായി കാണരുത്. കൂടുതൽ കേസുമായി മുന്നോട്ടുപോകാനുള്ള ബാധ്യത തനിക്കില്ല. സർക്കാർ കേസുമായി മുന്നോട്ടുപോകട്ടെ. അന്വേഷണവുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.