വിശാഖപട്ടണം: ആൻഡമാൻ കടലിലെ ദ്വീപുരാജ്യങ്ങളെ ഒരുമിപ്പിച്ചുകൊണ്ടുള്ള സിറ്റ്‌മെക്‌സ് 2020ന് ഇന്ത്യന്‍ നാവിക സേന തുടക്കമിട്ടു. സിംഗപ്പൂര്‍, തായ്‌ലന്റ് എന്നീ രാജ്യങ്ങളുമായി ചേര്‍ന്നാണ് ഇന്ത്യയുടെ നാവികാഭ്യാസം. അമേരിക്ക, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ ലോകശക്തികള്‍ക്കൊപ്പം നടത്തിയ മലബാര്‍ 2020യ്ക്ക് തൊട്ടുപുറകേയാണ് ഇന്ത്യയുടെ നാവികസേന വീണ്ടും പരിശീലനം പുന: രാരംഭിച്ചിരിക്കുന്നത്.
ഇന്ത്യന്‍ നാവികസേനയുടെ എഎസ്ഡബ്ലൂ കവരത്തി, ഐഎന്‍എസ്കമോര്‍ത്ത, ഐഎന്‍എസ് കാര്‍മുക് എന്നീ യുദ്ധകപ്പലുകളാണ് പരിശീലനത്തിനുള്ളത്. സിംഗപ്പൂരിന്റെ ആര്‍എസ് എസ്. ഇന്റര്‍പിഡ്, ഇന്‍ഡെവര്‍, എന്‍ഡ്യൂറന്‍സ് എന്നീ യുദ്ധകപ്പലുകളും തായ്‌ലന്റിന്റെ എച്ചടിഎംഎസ് ക്രാബൂരു, ചാവോ പഹ്രായാ എന്നീ കപ്പലുകളും അണിനിരക്കുകയാണ്.
ആൻഡമാൻ കടലിലാണ് ഇന്ത്യയുടെ സംയുക്ത പരിശീലന പരിപാടികള്‍ നടക്കുന്നത്. നാവികസേനകള്‍ സജ്ജീകരിച്ചിരിക്കുന്ന ആയുധങ്ങളും നിരീക്ഷണ സംവിധാനങ്ങളും പരിശോധിച്ച് ഉറപ്പുവരുത്തലാണ് പരിശീലനത്തിന്റെ ഉദ്ദേശം.