തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജില്‍ , അവഗണിച്ചു എന്നാരോപിച്ച് പെന്‍ഷന്‍കാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. നിലവില്‍ സഹകരണബാങ്കുകള്‍ വഴിയുള്ള പെന്‍ഷന്‍ വിതരണ കരാര്‍ മാര്‍ച്ചില്‍ അവസാനിക്കും.
പെന്‍ഷന്‍ ബാധ്യത ഏറ്റെടുക്കുമെന്ന വാഗ്ദാനം ഇടതുമുന്നണിയും സര്‍ക്കാരും മറന്നുവെന്നും ഇവര്‍ ആരോപിക്കുന്നു. മൂന്നുവര്‍ഷം കൊണ്ട് കെഎസ്ആര്‍ടിസിയുടെ വരവും ചെലവും തമ്മിലുള്ള അന്തരം 500 കോടിയായി കുറയ്ക്കുമെന്ന് അവകാശപ്പെട്ടാണ് സര്‍ക്കാര്‍ പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിച്ചത്.
ശമ്പള പരിഷ്‍കരണം നടപ്പിലാകുന്നതുവരെ ജീവനക്കാര്‍ക്ക് ഇടക്കാലാശ്വാസമായി പ്രതിമാസം 1500 രൂപ വിതം പ്രഖ്യാപിച്ചു. എന്നാല്‍ പെന്‍ഷന്‍കാരെ കുറിച്ച് പാക്കേജ് മൗനം പാലിക്കുന്നു. നിലവില്‍ സഹകരണ ബാങ്കുകളിലൂടെ വിതരണം ചെയ്യുന്ന പെന്‍ഷന്‍റെ ചെലവും പലിശയും പൂര്‍ണ്ണമായും സര്‍ക്കാരാണ് വഹിക്കുന്നത്.
എന്നാല്‍ കരാര്‍ കാലാവധി അവസാനിക്കുന്ന മാര്‍ച്ചിന് ശേഷം എങ്ങനെ പെന്‍ഷന്‍ നല്‍കുമെന്നതിനെക്കുറിച്ച് വ്യക്തമായ ഒരു മാര്‍ഗ്ഗ നിര്‍ദ്ദേശവും തയ്യാറായിട്ടില്ല.