ന്യൂഡെൽഹി: ഫൈവ് സ്റ്റാർ സംസ്കാരം ഉപേക്ഷിക്കാതെ കോൺഗ്രസിന് രക്ഷപ്പെടാനാവില്ലെന്ന് മുതിർന്ന നേതാവ് ഗുലാം നബി ആസാദ് അഭിപ്രായപ്പെട്ടു. താഴേതട്ടിലെ ബന്ധങ്ങൾ കോൺഗ്രസിന് നഷ്ടപ്പെട്ടു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നേതാക്കൾക്ക് വഴിയിലിറങ്ങി നടക്കാൻ പോലും ബുദ്ധിമുട്ടാണ്. മത്സരിക്കാൻ ടിക്കറ്റ് കിട്ടിയാൽ നേതാക്കൾ ആദ്യം ചെയ്യുക ഫൈവ് സ്റ്റാർ ഹോട്ടൽ ബുക്ക് ചെയ്യുകയാണ്.
ദേശീയ കോൺഗ്രസിന് പുതിയ അധ്യക്ഷനെ ഉടൻ തെരഞ്ഞെടുത്തേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെയാണ് ഗുലാം നബി ആസാദിന്റ പ്രതികരണം. ബിഹാർ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ വീണ്ടും ആഞ്ഞടിച്ച് മുതിർന്ന നേതാവ് കപിൽ സിബൽ രംഗത്ത് വന്നിരുന്നു. രാജ്യത്ത് ബിജെപിക്കെതിരായ ക്രിയാത്മക പ്രതിപക്ഷമല്ല കോൺഗ്രസെന്ന് കപിൽ സിബൽ വിമർശിച്ചു.
സോണിയ ഗാന്ധിക്ക് പാർട്ടിയെ വേണ്ട വിധം ചലിപ്പിക്കാനാകുമോയെന്ന് സംശയമാണ്. നേതൃമാറ്റത്തിൽ ഇനി പ്രതികരിക്കേണ്ടത് നേതൃത്വമാണ്. കോടിക്കണക്കിന് സാധാരണ പാർട്ടി പ്രവർത്തകരുടെ വികാരമാണ് താൻ ആവർത്തിച്ച് പങ്കുവയ്ക്കുന്നതെന്നും കപിൽ സിബൽ വ്യക്തമാക്കി.