രാജ്യതലസ്ഥാനത്ത് മാസ്‌ക് ധരിക്കാതെ യാത്ര ചെയ്ത് നിരവധി പേര്‍; 2000 രൂപ പിഴ ചുമത്തി ഉദ്യോഗസ്ഥര്‍

ന്യൂഡെല്‍ഹി: മാസ്‌ക് ധരിക്കാതെ തെരുവിലിറങ്ങുന്നവര്‍ക്ക് കര്‍ശന നടപടി സ്വീകരിച്ച് ഡെല്‍ഹി പോലീസ്. ഡെല്‍ഹി-നോയിഡ അതിര്‍ത്തിയില്‍ മാസ്‌ക് ഇടാതെ യാത്ര ചെയ്തവരെ കണ്ടെത്തി ഉദ്യോഗസ്ഥര്‍ രണ്ടായിരം രൂപ പിഴ ചുമത്തി. ചെക്ക് പോസ്റ്റുകളില്‍ എത്തുമ്പോഴും പോലീസിനെ കാണുമ്പോഴുമാണ് പലരും മാസ്‌ക് ധരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

അല്ലാത്ത സമയങ്ങളില്‍ ആളുകള്‍ മാസ്‌ക് ധരിക്കാതെ കൂളായി നടക്കുകയാണെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തിന്റെ ഫോട്ടോകളും എഎന്‍ഐ പുറത്തുവിട്ടു. ഉത്തര്‍പ്രദേശിലും നോയിഡയിലുമായി 1200 ഓളം പേര്‍ക്കാണ് പിഴ ചുമത്തിയത്.

976 പേരില്‍ നിന്നും ഒരു ലക്ഷം രൂപയിലേറെ പിഴയായി ലഭിച്ചു. പലരെയും കസ്റ്റഡിയിലെടുക്കേണ്ടിയും വന്നിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കര്‍ശന നടപടി പുറപ്പെടുവിച്ചത്.

മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്ക് 500 ല്‍ നിന്ന് 2000 രൂപയായി പിഴ ഈടാക്കാനാണ് നിര്‍ദ്ദേശം നല്‍കിയത്. ഡെല്‍ഹിയില്‍ കൊറോണ വ്യാപനം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ നിയന്ത്രങ്ങളൊന്നും വകവയ്ക്കാതെയാണ് പലരും മാസ്‌ക് പോലും ധരിക്കാതെ പുറത്തിറങ്ങിയത്.