പഞ്ചാബിലെ കർഷകരുടെ റെയിൽ ഉപരോധം താത്കാലികമായി അവസാനിപ്പിക്കും

ചണ്ഡീഗഢ്: കേന്ദ്ര കർഷകനിയമത്തിനെതിരെയുള്ള പഞ്ചാബിലെ കർഷകരുടെ റെയിൽ ഉപരോധം താത്കാലികമായി അവസാനിപ്പിക്കും. കർഷകർ തിങ്കളാഴ്ച മുതൽ ട്രെയിൻ തടയില്ല. കർഷകരുടെ പ്രശ്നങ്ങളിൽ കേന്ദ്ര സർക്കാർ 15 ദിവസത്തിനുള്ളിൽ ചർച്ച വിളിച്ചില്ലെങ്കിൽ വീണ്ടും സമരം പുനഃരാരംഭിക്കും.തീരുമാനം മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദിർസിങ്ങ് സ്വാഗതം ചെയ്തു.

കർഷക നേതാക്കളും മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് റെയിൽ സമരം പിൻവലിക്കാൻ ധാരണ ആയത്. കാർഷിക നിയമം പിൻവലിക്കാനാകില്ലെന്നാണ് കർഷക സംഘടനകളുടമായി നടത്തിയ ചർച്ചകളിലെല്ലാം കേന്ദ്ര സർക്കാർ ആവർത്തിച്ച് വ്യക്തമാക്കുന്നത്. അതല്ലാതെ മറ്റൊരു ആവശ്യവും ഇല്ലെന്ന നിലപാടിൽ കർഷക സംഘടനകളും ഉറച്ചുനിൽക്കുന്നു.

അതേസമയം നവംബർ 26ന് കാർഷിക നിയമത്തിനെതിരെ കർഷക സംഘടനകൾ പാർലമെൻറ് മാർച്ച് പ്രഖ്യാപിച്ചു. നവംബർ 26ന് നടക്കുന്ന പാർലമെൻറ് മാർച്ചിൽ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമായി ലക്ഷത്തിലധികം കർഷകർ പങ്കെടുക്കുമെന്ന് നേതാക്കൾ അറിയിച്ചിട്ടുണ്ട്. അനുമതി നിഷേധിച്ചാലും അത് മറികടന്ന് പാർലമെൻറ് മാർച്ച് നടത്താനും ചണ്ഡീഗഡിൽ ചേർന്ന കർഷക സംഘടനകളുടെ സംയുക്ത സമിതി തീരുമാനിച്ചു.

പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നും ട്രാക്ടറിൽ സഞ്ചാരിച്ചാകും കർഷകർ പാർലമെൻറ് മാർച്ചിൽ പങ്കെടുക്കാൻ എത്തുക.