നാഗ്രോട്ടാ ഏറ്റുമുട്ടൽ; കൊല്ലപ്പെട്ടത് ഭീകര സംഘടന ജയ്ഷെ മുഹമ്മദിൻ്റെ തലവൻ്റെ സഹോദരൻ്റെ അനുനായികൾ

ന്യൂഡെൽഹി: നാഗ്രോട്ടാ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് ഭീകര സംഘടന ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന്റെ സഹോദരൻ അബ്ദുൾ റൗഫ് അസ്ഗറിന്റെ അനുനായികളെന്ന് റിപ്പോർട്ട്. സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസമാണ് ദേശീയപാതയിലെ നഗ്രോട്ടയിൽ ബാൻ ടോൾ പ്ലാസയ്ക്ക് സമീപം ഏറ്റുമുട്ടൽ നടന്നത്.

ശ്രീനഗറിലേക്ക് ട്രക്കിൽ ഒളിച്ചു കടക്കുകയായിരുന്നു ഭീകരർ. ഇവരെ തിരിച്ചറിഞ്ഞതോടെ സൈന്യം ട്രക്ക് തടഞ്ഞു. സൈനികര്‍ക്ക് നേരെ വെടിയുതിര്‍ത്ത ഭീകരസംഘത്തെ മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിലാണ് കീഴ്‍പ്പെടുത്തിയത്. ജമ്മു ശ്രീനഗ‍ർ ദേശീയപാതയിലുണ്ടായ ഏറ്റുമുട്ടലിൽ നാല് ജയ്ഷെ മുഹമ്മദ് ഭീകരരെ സൈന്യം വധിച്ചു.

നഗ്രോട്ട ഏറ്റുമുട്ടലിന്‍റെ പശ്ചാത്തലത്തില്‍ പാകിസ്ഥാൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു. പാക് ഹൈക്കമ്മീഷൻ ഉന്നത ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തിയാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയം പ്രതിഷേധം അറിയിച്ചത്. ഭീകരരെ സഹായിക്കുന്നത് പാകിസ്ഥാൻ അവസാനിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ സംരക്ഷിക്കാൻ ഇന്ത്യ എല്ലാ നടപടികളും സ്വീകരിക്കും. അതിനിടെ, ഇന്നും രജൗരിയിൽ പാക് വെടിനിർത്തൽ കരാർ ലംഘനം നടത്തി. ഒരു സൈനികന് വീരമൃത്യു വരിച്ചു.