കേരളം ആസൂത്രിതമായി കൊറോണ മരണസംഖ്യ മറച്ചുവയ്ക്കുന്നു; കണക്കുകള്‍ ചൂണ്ടിക്കാട്ടി ബിബിസി

ന്യൂഡെൽഹി: കൊറോണ കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ കേരളം ഏറെ മുന്നിലാണെന്ന് മന്ത്രിമാര്‍ നേരത്തെ വാ തോരാതെ പ്രസംഗിച്ചിരുന്നു. എന്നാല്‍, ഇതിനെയെല്ലാം പൊളിച്ചെഴുതുകയാണ് ബിബിസി ന്യൂസ് റിപ്പോര്‍ട്ട്. ആരും അറിയാതെ പോകുന്ന ഒട്ടേറെ കൊറോണ മരണങ്ങള്‍ നമ്മുടെ രാജ്യത്ത് നടക്കുന്നുവെന്നും ബിബിസി ചര്‍ച്ചയ്ക്കിടെ പ്രഭാത് ജാ പറയുന്നു. ലോകത്തിലെ മരണത്തെക്കുറിച്ച് ഏറ്റവും വലിയ പഠനം നടത്തുന്ന ടൊറന്റോ സര്‍വ്വകലാശാലയിലെ പ്രഭാത് ജായാണ് ഞെട്ടിക്കുന്ന കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്.

ഡോക്ടര്‍ അരുണ്‍ എന്‍ മാധവിന്റെ പ്രവര്‍ത്തനങ്ങളെ മാതൃകയായി കാണണമെന്ന് പറഞ്ഞു കൊണ്ടാണ് അദ്ദേഹം കൊറോണ മരണങ്ങളെക്കുറിച്ച് വിവരിക്കുന്നത്. രാജ്യത്ത് നടക്കുന്ന പല മരണങ്ങളെക്കുറിച്ചും വ്യക്തമായ പഠനം നടത്തിയാളാണ് ഡോ. അരുണ്‍ എന്‍ മാധവ്. ഏഴ് ലോക്കല്‍ പത്രങ്ങളെയും അഞ്ച് ടിവി ന്യൂസ് ചാനലുകളെയുമാണ് അദ്ദേഹം ഓരോ ദിവസവും വിശകലനം ചെയ്തത്. അതില്‍ കേരളവും ഉള്‍പ്പെടുന്നു. അദ്ദേഹം ഓരോ മരണങ്ങളുടെയും വിശദാംശങ്ങള്‍ എടുക്കുകയും കുറിപ്പുകള്‍ തയ്യാറാക്കി വെക്കുകയും ചെയ്തു. ഇത് ലോക്കല്‍ മരണങ്ങളുടെ കണക്കെടുക്കുന്നതിന് വളരെ ഉപകാരപ്രദമായെന്നും ഡോ.പ്രഭാത് പറയുന്നു.

“കേരളത്തിലെ കാര്യം നോക്കുമ്പോഴും പല കണക്കുകളും തെറ്റായിട്ടാണ് പുറത്തുവരുന്നത്. വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഏറ്റവുമധികം സുതാര്യതയുണ്ടെന്ന് അവകാശപ്പെടുന്ന കേരളത്തിലാണ് ഇത് സംഭവിക്കുന്നത് ” – ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. കേരളത്തില്‍ വ്യാഴാഴ്ച രാത്രിയോടെ 3356 മരണങ്ങള്‍ രേഖപ്പെടുത്തി. എന്നാല്‍, ഇതില്‍ 1969 മരണങ്ങള്‍ മാത്രമാണ് ഔദ്യോഗികമായി പുറത്തുവിട്ടതെന്ന് ബിബിസി വ്യക്തമാക്കുന്നു.

പല കൊറോണ മരണങ്ങളും അറിയാതെ പോകുന്നുവെന്ന് ഡോ. മാധവന്‍ പറഞ്ഞു. കൊറോണ മൂലമുണ്ടാകുന്ന മരണങ്ങളില്‍ പകുതിയിലേറെയും പുറത്തുവരുന്നില്ലെന്നാണ് പറയുന്നത്. കൊറോണ കേസുകള്‍ ഇന്ത്യയില്‍ 8.9 ദശലക്ഷം കവിഞ്ഞു.

യുഎസിനെ നോക്കുകയാണെങ്കില്‍ രണ്ടാമത്തെ ഉയര്‍ന്ന കണക്കുകളാണിത്. അണുബാധ മൂലം 130,000 ത്തിലധികം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, കൊറോണ മരണനിരക്ക് സിഎഫ്ആര്‍ പ്രകാരം 1.5 ശതമാനത്തില്‍ താഴെയാണ്. ഇത് ലോകത്തിലെ ഏറ്റവും താഴ്ന്ന മരണനിരക്കാണെന്നാണ് പറയുന്നത്. ഇന്ത്യയില്‍ താരതമ്യേന മരണനിരക്ക് കുറവാണെന്ന് പറയുമ്പോഴും പല സംസ്ഥാനങ്ങളും യഥാര്‍ത്ഥ കണക്കുകള്‍ പുറത്തുവിടുന്നില്ലെന്നാണ് അറിയാന്‍ കഴിയുന്നത്.

കേരളത്തില്‍ മൂന്ന് രോഗികള്‍ 65നും-78നും ഇടയില്‍ പ്രായമുള്ളവര്‍ രോഗലക്ഷണങ്ങളുമായി ക്ലിനിക്കിലെത്തി. ചികിത്സയ്ക്കിടെ ആശുപത്രിയില്‍ അവര്‍ മരണപ്പെടുന്നു. എന്നാല്‍ അവരുടെ മരണങ്ങള്‍ മാധ്യമങ്ങളിലോ ഔദ്യോഗിക കണക്കുകളിലോ വന്നിട്ടില്ല. പല മരണങ്ങളും സര്‍ക്കാര്‍ ഒഴിച്ചുവെക്കുന്നുവെന്നാണ് ഡോ. മാധവന്‍ പറയുന്നത്.

കേരളം ആസൂത്രിതമായി കൊറോണ മരണ സംഖ്യ മറച്ചു വയ്ക്കുകയാണെന്ന് ഡെല്‍ഹി ആസ്ഥാനമായുള്ള ഒബ്‌സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷനിലെ ഉമ്മന്‍ സി കുര്യന്‍ പറഞ്ഞതായും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ശക്തമായ നിരീക്ഷണ സംവിധാനവും സര്‍ക്കാരിനെ ഉപദേശിക്കാന്‍ വിദഗ്ധരും കേരളത്തിലുണ്ടായിട്ടും മരണ സംഖ്യ മറച്ചു വച്ചെന്നും കുര്യന്‍ കുറ്റപ്പെടുത്തുന്നു.