ന്യൂഡെൽഹി: ജമ്മു കശ്മീരിലെ നഗരോടയിൽ ബുധനാഴ്ച നാല് ജയ്ഷെ മുഹമ്മദ് ഭീകരരെ വെടിവെച്ചു കൊല്ലാനിടയായ സംഭവവുമായി ബന്ധപ്പെട്ട് പാകിസ്താൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരെ ഇന്ത്യ വിളിച്ചുവരുത്തി. പാകിസ്താന്റെ പരിധിക്കുള്ളിൽ പ്രവർത്തിക്കുന്ന തീവ്രവാദികൾക്കും തീവ്രവാദ സംഘങ്ങൾക്കും പിന്തുണ നൽകുന്ന നടപടിക്കെതിരെ വിദേശകാര്യ മന്ത്രാലയം ശക്തമായ എതിർപ്പ് അറിയിച്ചു.
ഭീകരവാദത്തിനെതിരെ പാകിസ്താൻ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച അന്താരാഷ്ട്ര നടപടികളെക്കുറിച്ചും ഉഭയകക്ഷി ഉത്തരവാദിത്വങ്ങളെക്കുറിച്ചും ഇന്ത്യ ഓർമപ്പെടുത്തി. പാകിസ്താന്റെ അതിർത്തിക്കുള്ളിൽ പ്രവർത്തിക്കുന്ന തീവ്രവാദ സംഘങ്ങൾക്ക് ഇന്ത്യക്കെതിരായി ഭീകര പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അവസരമൊരുക്കരുതെന്ന ആവശ്യം ഇന്ത്യ ആവർത്തിച്ചതായും വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.
പാകിസ്താനിൽനിന്ന് നുഴഞ്ഞുകയറിയ ഭീകരർ സഞ്ചരിച്ച ട്രക്ക് വ്യാഴാഴ്ച ജമ്മു – ശ്രീനഗർ ദേശീയപാതയിൽ നഗരോടയ്ക്കുസമീപം സിആർപിഎഫ് തടയുകയായിരുന്നു. തുടർന്ന് നടന്ന ഏറ്റുമുട്ടലിൽ നാല് ഭീകരർ കൊല്ലപ്പെട്ടു. രണ്ട് പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു. ഭീകരരുടെ പക്കൽനിന്ന് 11 എകെ റൈഫിളുകൾ, മൂന്നു തോക്കുകൾ, 35 ഗ്രനേഡുകൾ തുടങ്ങിയവ കണ്ടെടുത്തു.
ഭീകരർ മുംബൈ ആക്രമണത്തിന്റെ(26/11) വാർഷികത്തിൽ രാജ്യത്ത് വലിയൊരു ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായാണ് ഇതുവരെയുള്ള അന്വേഷണത്തിൽനിന്ന് ലഭിക്കുന്ന സൂചനയെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
സംഭവവുമായി ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഉന്നതതല യോഗം വിളിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി ഹർഷ വർധൻ ശ്രിംഗ്ല എന്നിവരുടെ യോഗമാണ് പ്രധാനമന്ത്രി വിളിച്ചത്. രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തിരുന്നു.