കൊല്ലപ്പെട്ട ഭീകരര്‍ പാകിസ്ഥാനിലെ ജെയ്‌ഷെ നേതാക്കളുമായി ബന്ധപ്പെട്ടു; തെളിവുകള്‍ കണ്ടെത്തി

ശ്രീനഗര്‍: ജമ്മു-കശ്മീരിലെ നാഗ്രോട്ടയില്‍ ഇന്ത്യന്‍ സൈന്യം വെടിവെച്ചു കൊന്ന നാല് തീവ്രവാദികള്‍ പാകിസ്ഥാനിലെ ജെയ്ഷ ഇ-മുഹമ്മദ് തീവ്രവാദികളുമായി ബന്ധപ്പെട്ടിരുന്നു. ജെയ്‌ഷെ നേതാക്കളുമായി ഇവര്‍ നിരന്തരം സംസാരിച്ചതിനുള്ള തെളിവുകള്‍ സേനയ്ക്ക് ലഭിച്ചു.

പാകിസ്ഥാനിലെ നരോവാള്‍ ജില്ലയിലെ ഷഹര്‍ഗ്ര് മേഖലയിലുള്ള ജെയ്‌ഷെ മുഹമ്മദ് നേതൃത്വവുമായാണ് ഇവര്‍ സംസാരിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. മൈക്രോ ഇലക്ട്രോണിക്‌സ് എന്ന പാകിസ്ഥാന്‍ കമ്പനി നിര്‍മ്മിച്ച ഡിജിറ്റല്‍ മൊബൈല്‍ റേഡിയോയും സ്മാര്‍ട്‌ഫോണും ഇവരില്‍ നിന്നും കണ്ടെടുത്തു.

ഇവര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന ചില ടെസ്റ്റ് മെസേജുകളും കണ്ടെത്തി. നുഴഞ്ഞുകയറുന്ന പുരുഷന്മാര്‍ സുരക്ഷിതമായി എത്തിയോ എന്ന് ഹാന്‍ഡ്‌ലര്‍ ചോദിക്കുന്ന ടെസ്റ്റ് മെസേജുകളായിരുന്നു അത്. നിങ്ങള്‍ അവിടെ എത്തിയോ, എന്താണ് അവസ്ഥ, ഇതുവരെ ഒരു കുഴപ്പവുമില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, എന്നുള്ള മെസേജുകളായിരുന്നു.

കറാച്ചിയില്‍ നിര്‍മ്മിക്കുന്ന ചില മരുന്നുകളും തെളിവുകളായി കണ്ടെത്തിയിട്ടുണ്ട്. പാകിസ്ഥാനില്‍ നിന്നും നിര്‍മ്മിച്ച ഷൂസും സൈന്യത്തിന് ലഭിച്ചിരുന്നു.