കൊറോണ വാക്സിൻ വിതരണത്തിന് കൊവിൻ ആപ്പ് വരുന്നു

ന്യൂഡെൽഹി: കൊറോണ വാക്സിൻ സംഭരിക്കാനും വിതരണം ചെയ്യാനുമായി മൊബൈൽ ആപ്ലിക്കേഷൻ തയ്യാറാക്കാൻ കേന്ദ്രസർക്കാർ. കൃത്യമായി അടിത്തട്ടു വരെ വാക്സിൻ വിതരണം കാര്യക്ഷമമാക്കാനും എല്ലാ ആളുകളിലേക്കും എത്താനും ഈ ആപ്ലിക്കേഷൻ വഴി കഴിയുമെന്നാണ് കേന്ദ്രസർക്കാരിൻ്റെ കണക്കുകൂട്ടൽ.

എത്ര പേർക്ക്, എവിടെയൊക്കെ വച്ച്, ഏതെല്ലാം രീതിയിൽ വാക്സിൻ നൽകിയെന്ന കാര്യം കൃത്യമായി തത്സമയം ഈ ആപ്ലിക്കേഷനിൽ അപ്ഡേറ്റ് ചെയ്യപ്പെടും. കൊറോണ വാക്സിൻ സംഭരണം, വിതരണം, ആളുകളിലേക്ക് എത്തിക്കൽ മുതൽ സൂക്ഷിച്ചുവയ്ക്കുന്നത് വരെയുള്ള വിവരങ്ങൾ ഈ ആപ്ലിക്കേഷൻ വഴിയാകും ഏകോപിപ്പിക്കുക.

വാക്സിൻ ആദ്യം നൽകുന്നവർക്ക് ഇത് വഴി നോട്ടിഫിക്കേഷൻ നൽകാനും സംവിധാനമുണ്ട്. കൊവിൻ എന്നാകും ഈ ആപ്ലിക്കേഷൻ്റെ പേര്. ഇമ്മ്യൂണൈസേഷൻ ഷെഡ്യൂളും, എവിടെ വച്ചാകും വാക്സിൻ നൽകുകയെന്നതും, ആരാണ് വാക്സിൻ നൽകുകയെന്നതും ഈ ആപ്ലിക്കേഷനിലൂടെ അറിയാനാകും. വാക്സിൻ്റെ രണ്ട് ഡോസുകൾ നൽകിക്കഴിഞ്ഞാൽ ഈ ആപ്ലിക്കേഷൻ വഴി തന്നെയാകും ഇമ്മ്യൂണൈസേഷൻ സർട്ടിഫിക്കറ്റും നൽകുക.

മുൻഗണനാക്രമത്തിൽ ആർക്കെല്ലാം വാക്സിൻ നൽകണമെന്നും, എപ്പോഴാണ് അവർക്ക് വാക്സിൻ നൽകേണ്ടതെന്ന സമയക്രമവും, ഇതിന് ആര് മേൽനോട്ടം വഹിക്കുമെന്നും ഈ ആപ്ലിക്കേഷനിലുണ്ടാകും. സംസ്ഥാനങ്ങളിൽ നിന്ന് വിവരം ശേഖരിക്കുന്നതിനൊപ്പം, കേന്ദ്ര ആരോഗ്യമന്ത്രാലയവും, ഐസിഎംആറും, ആയുഷ്മാൻ ഭാരത് പദ്ധതിയുമെല്ലാം ഒപ്പം ചേ‍ർന്നാകും ഈ ആപ്ലിക്കേഷൻ്റെ പ്രവർത്തനം.