നൂറ്റാണ്ടുകൾക്ക് മുൻപ് ഇന്ത്യയിൽ നിന്നും കടത്തിക്കൊണ്ടുപോയ പ്രതിമ തിരിച്ചു നൽകി കാനഡ

കാനഡ: നൂറ്റാണ്ടുകൾക്ക് മുൻപ് ഇന്ത്യയിൽ നിന്നും കടത്തിക്കൊണ്ടുപോയ അന്നപൂർണ ദേവിയുടെ ശിലാ പ്രതിമ തിരിച്ചു നൽകാനൊരുങ്ങി കാനഡ.
നിലവിൽ കാനഡയിലെ റെജീന സർവകലാശാലയുടെ മക്കെൻസി ആർട്ട് ഗ്യാലറിയിൽ സൂക്ഷിച്ചിരിക്കുന്ന പതിനെട്ടാം നൂറ്റാണ്ടിലെ അന്നപൂർണ പ്രതിമ യഥാർത്ഥത്തിൽ വാരണാസിയിൽ നിന്നുള്ളതാണെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

സ്വദേശത്തേക്കു മടക്കിക്കൊണ്ടു വരുന്നതിന്റെ ഭാഗമായി നടന്ന ചടങ്ങിൽ റെജീന സർവകലാശാലയുടെ ഇടക്കാല പ്രസിഡന്റും വൈസ് ചാൻസലറുമായ തോമസ് ചേസ് ഇന്ത്യയുടെ ഒട്ടാവയിലെ ഹൈക്കമ്മീഷണർ അജയ് ബിസാരിയയ്ക്ക് ശിലാ പ്രതിമ വെർച്വലായി കൈമാറി. അതേസമയം ഇന്ത്യൻ കലാകാരൻ ദിവ്യ മെഹ്‌റയാണ് പ്രതിമ ഒരു നൂറ്റാണ്ട് മുമ്പ് ഇന്ത്യയിൽ നിന്ന് തെറ്റായി എടുത്തതാണെന്ന വസ്തുത ശ്രദ്ധയിൽപ്പെടുത്തിയത്.

പിന്നീട് പിബോഡി മ്യൂസിയത്തിന്റെ ഇന്ത്യൻ – ദക്ഷിണേഷ്യൻ കലയുടെ ചുമതല വഹിക്കുന്ന സിദ്ധാർത്ഥ ഷാ അന്നപൂർണ പ്രതിമയെ തിരിച്ചറിയുകയായിരുന്നു. പ്രതിമകണ്ടെത്തിയതിനെക്കുറിച്ച് വായിച്ചറിഞ്ഞ ശേഷം, ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമ്മീഷനും കനേഡിയൻ പൈതൃക വകുപ്പും മ്യൂസിയത്തിലെത്തി. സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിന് എല്ലാവിധ സഹായവും കനേഡിയൻ ഉദ്യോഗസ്ഥർ വാഗ്ദാനം ചെയ്യുകയും ചെയ്തു.