തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസിലും സര്‍ക്കാര്‍ പദ്ധതികളിലെ അഴിമതിയുടെ പേരിലും ഇടതുമന്ത്രിമാര്‍ ഒന്നിനു പിറകെ ഒന്നായി പ്രതിക്കൂട്ടിലേക്കു കയറുന്ന സാഹചര്യത്തില്‍ രാഷ്ട്രീയപ്രതിരോധം തീര്‍ക്കാനാണ് ബാര്‍ കോഴക്കേസ് വീണ്ടും സര്‍ക്കാര്‍ കുത്തിപ്പൊക്കുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. നിയമപരമായി നിലനില്ക്കില്ലെന്ന് അറിഞ്ഞുകൊണ്ടാണ് അഞ്ചുവര്‍ഷം സര്‍ക്കാരിന്റെ മുന്നിലുണ്ടായിരുന്ന വിഷയത്തിലെ ഇപ്പോഴത്തെ നീക്കം.
നിയമപരമായ നിലനില്‍പ്പിന്റെ നേരിയ സാധ്യത ഉണ്ടായിരുന്നെങ്കില്‍ നേരത്തെ കേസ് എടുക്കുമായിരുന്നു. ബാര്‍ കോഴക്കേസ് നിലവില്‍ ഹൈക്കോടതിയുടെയും തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെയും പരിഗണനയിലാണെന്ന് അദ്ദേഹം പറഞ്ഞു.
പുതിയ അന്വേഷണം നടത്തണമെങ്കില്‍ പുതിയ വെളിപ്പെടുത്തലോ, തെളിവുകളോ ഉണ്ടെങ്കില്‍ കോടതിയുടെ അനുമതിയോടെ ആകാം. എന്നാല്‍, പഴയ ആരോപണങ്ങള്‍ വീണ്ടും ഉന്നയിക്കുക മാത്രമാണ് ഇപ്പോള്‍ പരാതിക്കാരന്‍ ചെയ്തത്. കേസിന്റെ നാള്‍വഴി പരിശോധിച്ചാല്‍ ഗവര്‍ണര്‍ക്ക് അനുമതി നല്കാനാവില്ലെന്ന് ഉമ്മൻചാണ്ടി പറഞ്ഞു.
യുഡിഎഫ് സര്‍ക്കാരിന്റെയും എല്‍ഡിഎഫ് സര്‍ക്കാരിന്റെയും കാലത്ത് സത്യസന്ധരായ വിജിലന്‍സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷിച്ചാണ് കേസ് നിലനില്ക്കില്ലെന്നു കണ്ടെത്തിയത്. ഭരണം മാറിയശേഷം നടത്തിയ അന്വേഷണത്തിലും പുതുതായൊന്നും കണ്ടെത്തിയില്ല. രണ്ടു റിപ്പോര്‍ട്ടുകളും വിജിലന്‍സ് കോടതിയുടെ മുമ്പിലുണ്ട്. ബാര്‍ കോഴക്കേസ് അന്വേഷിച്ച് വിചാരണ കോടതിക്ക് റിപ്പോര്‍ട്ട് നല്കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്.
അന്വേഷണം സംബന്ധിച്ച് ആക്ഷേപം ഉണ്ടെങ്കില്‍ പരാതിക്കാരന്‍ വിചാരണക്കോടതിയെ സമീപിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. നേരത്തെ ലോകായുക്തയും ബാര്‍ കോഴക്കേസ് തള്ളിയിരുന്നു.
സര്‍ക്കാരിന്റെ കാലാവധി കഴിയുമ്പോള്‍ കേസെടുത്ത് അടുത്ത സര്‍ക്കാരിന്റെ തലയില്‍ വയ്ക്കാനാണ് നീക്കം. നിയമവിരുദ്ധമായതിനാല്‍ അടുത്ത സര്‍ക്കാരിന് ഒന്നും ചെയ്യാനാകാതെ വരും. അപ്പോള്‍ അഴിമതിക്കാരെ സംരക്ഷിക്കുന്നുവെന്ന് പ്രചാരണം നടത്തുകയാണ് ലക്ഷ്യമെന്ന് ഉമ്മൻചാണ്ടി കുറ്റപ്പെടുത്തി.