സെനഗള്‍: ലോകം കൊറോണ ഭീതിയില്‍ നില്‍ക്കുന്നതിനിടെ സെനഗളില്‍ കടലില്‍ മത്സ്യബന്ധത്തിന് പോയി മടങ്ങിയെത്തിയ 500ലധികം പേര്‍ക്ക് അജ്ഞാതമായ ത്വക്ക് രോഗമെന്ന് റിപ്പോർട്ട്. തലസ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള തീരങ്ങളില്‍ നിന്നായി കടലിലേക്ക് പോയവര്‍ക്കാണ് തിരിച്ചെത്തിയപ്പോള്‍ അജ്ഞാത രോഗം പിടിപെട്ടതായി കണ്ടെത്തിയിരിക്കുന്നത്.
മുഖത്തും ജനനേന്ദ്രിയത്തിലുമെല്ലാം പാടുകള്‍, ചൊറിച്ചില്‍, പനി എന്നിവയാണ് രോഗത്തിന്റെ പ്രകടമായ പ്രധാന ലക്ഷണങ്ങള്‍. ഇതിന് പുറമെ തലവേദന, ചെറിയ പനി എന്നിവയും ഇവരില്‍ കാണുന്നുണ്ട്. രോഗം എന്താണെന്നും രോഗത്തിന്റെ ഉറവിടം എന്താണെന്നും കണ്ടെത്താന്‍ കഴിയാത്തത് കൊണ്ട് തന്നെ, രോഗികളെയെല്ലാം ക്വാറന്റൈനില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
ഈ മാസം 12നാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത് എന്നാണ് ലഭ്യമായ വിവരം. തുടര്‍ന്ന് പെട്ടെന്ന് തന്നെ രോഗികളുടെ എണ്ണം വര്‍ധിക്കുകയായിരുന്നു. വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് ആരോഗ്യ വകുപ്പും അറിയിച്ചിട്ടുണ്ട്.
എന്തായാലും വിദഗ്ധ പരിശോധനയ്ക്കായി രോഗികളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകല്‍ ലാബുകളിലേക്ക് അയച്ചതായാണ് റിപ്പോര്‍ട്ടുകള്‍.