കൊറോണ പോരാളികളുടെ മക്കൾക്ക് എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിൽ പ്രവേശനത്തിന് സംവരണം

ന്യൂഡെൽഹി: കൊറോണ പോരാളികളുടെ മക്കൾക്ക് എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിൽ സംവരണം ഏർപ്പെടുത്തുമെന്ന് കേന്ദ്ര സർക്കാർ. 2020 – 21 അധ്യയന വർഷത്തിൽ രണ്ട് കോഴ്സുകളിലേക്കും കേന്ദ്ര പൂളിൽനിന്നുള്ള പ്രവേശനത്തിന്റെ മാനദണ്ഡങ്ങളിൽ ‘കൊറോണ പോരാളികളുടെ മക്കൾ’ എന്ന പുതിയ വിഭാഗംകൂടി ഉൾപ്പെടുത്തുമെന്ന് കേന്ദ്ര ആരോഗ്യ – കുടുംബക്ഷേമ മന്ത്രി ഹർഷവർധൻ വ്യാഴാഴ്ച പ്രഖ്യാപിച്ചു.

‘കൊറോണ പോരാളികളുടെ ആശ്രിതർ’ എന്ന പേരിലാവും പുതിയ വിഭാഗമെന്ന് കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്തു. പുതിയ വിഭാഗത്തിനുവേണ്ടി കേന്ദ്ര പൂളിൽനിന്നുള്ള അഞ്ച് സീറ്റുകൾ മാറ്റിവെക്കുമെന്ന് കേന്ദ്ര മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. കൊറോണ രോഗികളെ പരിചരിച്ച എല്ലാവർക്കും അർഹമായ അംഗീകാരം നൽകുന്നതിനു വേണ്ടിയാണ് കേന്ദ്രസർക്കാർ ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

കൊറോണ ബാധിതരെ പരിചരിക്കുന്നതിനിടെ കൊറോണ ബാധിച്ച് മരിക്കുകയോ കൊറോണ ഡ്യൂട്ടിക്കിടെ അത്യാഹിതത്തിൽ മരിക്കുകയോ ചെയ്യുന്നവരുടെ ആശ്രിതർക്ക് വേണ്ടിയാവും കേന്ദ്ര പൂളിലുള്ള എംബിബിഎസ് സീറ്റുകൾ മാറ്റിവെക്കുക.

പൊതുജനാരോഗ്യ സംരക്ഷണ രംഗത്ത് പ്രവർത്തിക്കുന്ന കൊറോണ പോരാളികളുമായി നേരിട്ട് ഇടപഴകുകയും അവരെ പരിചരിക്കുകയും ചെയ്ത ആരോഗ്യ പ്രവർത്തകർ, സ്വകാര്യ ആശുപത്രി ജീവനക്കാർ, വിരമിച്ച ജീവനക്കാർ, വോളന്റിയർമാർ, തദ്ദേശ സ്ഥാപനങ്ങളിലെയോ, കരാർ അടിസ്ഥാനത്തിൽ ഉള്ളതോ, ദിവസ വേതനത്തിൽ ജോലിചെയ്യുന്നതോ, താത്കാലിക അടിസ്ഥാനത്തിലോ ഉള്ള സംസ്ഥാന – കേന്ദ്ര ആശുപത്രി ജീവനക്കാർ, സ്വയംഭരണാധികാരമുള്ള ആശുപത്രി ജീവനക്കാർ, കേന്ദ്ര ഭരണ പ്രദേശങ്ങളിലെയോ എയിംസിലെയോ കൊറോണയുമായി ബന്ധപ്പെട്ട ഉത്തരവാദിത്വങ്ങൾ നിർവഹിച്ച ജീവനക്കാർ എന്നിവരെല്ലാം കേന്ദ്ര സർക്കാരിന്റെ പുതിയ നിർവചനത്തിൽ ഉൾപ്പെടും.

എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിൽ പ്രവേശനം നേടുന്നതിന് പുതിയ വിഭാഗത്തിൽ ഉൾപ്പെട്ടവരുടെ യോഗ്യത പരിശോധിച്ച് ഉറപ്പാക്കേണ്ടത് ബന്ധപ്പെട്ട സംസ്ഥാനമോ, കേന്ദ്ര ഭരണ പ്രദേശമോ ആണ്. നീറ്റ് 2020 റാങ്കിന്റെ അടിസ്ഥാനത്തിൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നവരിൽനിന്ന് മെഡിക്കൽ കൗൺസിൽ കമ്മിറ്റിയാവും യോഗ്യരായ വിദ്യാർഥികളെ തിരഞ്ഞെടുക്കുക.

രാജ്യത്ത് 45,576 പേർക്കുകൂടി കൊറോണ സ്ഥിരീകരിച്ചതോടെ കൊറോണ രോഗികളുടെ ആകെ എണ്ണം 89.58 ലക്ഷമായി വർധിച്ചിട്ടുണ്ട്. 83.83 ലക്ഷം പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 93.58 ശതമാനമായി ഉയർന്നു. അതിനിടെയാണ് കൊറോണ പോരാളികൾക്ക് അംഗീകാരം നൽകുന്ന തരത്തിലുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം.