ന്യൂഡെൽഹി: ഓക്സ്ഫോർഡ് കൊറോണ പ്രതിരോധ വാക്സിൻ അടുത്ത വർഷം ഫെബ്രുവരിയോടെ ഇന്ത്യയിൽ ലഭ്യമാക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സിഇഒ അദാർ പൂനെവാല. ആരോഗ്യ പ്രവർത്തകർക്കും വയോധികർക്കും ഫെബ്രുവരിയിലും ഏപ്രിലിൽ പൊതുജനങ്ങളിലേക്കും വാക്സിനെത്തിക്കുമെന്നും പൂനാവാല പറഞ്ഞു.
രണ്ട് ഡോസിന് പരമാവധി ആയിരം രൂപയാകും വില. അന്തിമ ഫലവും റെഗുലേറ്ററി അംഗീകാരങ്ങളും അടിസ്ഥാനമാക്കി ഇത് നിശ്ചയിക്കും. 2024 ലോടെ എല്ലാ ഇന്ത്യക്കാർക്കും കൊറോണക്ക് എതിരായ പ്രതിരോധ കുത്തിവെപ്പ് നൽകുമെന്നും ഹിന്ദുസ്ഥാൻ ടൈംസ് ലീഡർഷിപ്പ് സമ്മിറ്റിൽ പൂനാവാല പറഞ്ഞു.
പരമാവധി 5-6 യുഎസ് ഡോളറിന് ഒരു ഡോസ് വാക്സിൻ ലഭ്യമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ ഇന്ത്യക്കാർക്കും വാക്‌സിൻ ലഭ്യമാകണമെങ്കിൽ രണ്ടോ മൂന്നോ വർഷമെടുക്കും. വിതരണത്തിനുള്ള തടസങ്ങൾ മാത്രമല്ല ബജറ്റ്, ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ കാര്യങ്ങളും ആവശ്യമാണ്. ഇത് കൂടാതെ ആളുകൾ വാക്‌സിൻ എടുക്കാൻ തയ്യാറാവണമെന്നും അഡാര്‍ പൂനാവാല ചൂണ്ടിക്കാട്ടി.
അതേസമയം, വാക്സിൻ കുട്ടികൾക്ക് നൽകുന്നതിനു കുറച്ചുകൂടി കാത്തിരിക്കേണ്ടതായി വരും. കുട്ടികളിൽ പ്രതികൂലമായി പ്രവർത്തിക്കുകയില്ലെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ വാക്സിൻ നൽകുകയുള്ളുവെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.
വാക്‌സിൻ സുരക്ഷിതവും രണ്ട് മുതൽ എട്ട് ഡിഗ്രി സെൽഷ്യസ് വരെ താപനിലയിൽ സൂക്ഷിക്കാവുന്നതുമാണെന്നു അഡാര്‍ പൂനാവാല ചൂണ്ടിക്കാട്ടി.
ഫെബ്രുവരി മുതൽ പ്രതിമാസം 10 കോടി ഡോസുകൾ ഉൽപാദിപ്പിക്കാനാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് ശ്രമിക്കുന്നത്. 2021 ലെ ആദ്യ പാദത്തിൽ 30-40 കോടി ഡോസുകൾ ലഭ്യമാകുമെന്നും പറഞ്ഞു.