ലണ്ടൻ: ദരിദ്രനായ ഒരാൺകുട്ടിയിലൂടെ സ്വന്തം ജീവിതകഥ അവതരിപ്പിച്ച നോവലിന് ഈ വർഷത്തെ മാൻ ബുക്കർ പുരസ്കാരം. സ്‌കോട്ടിഷ്-അമേരിക്കൻ എഴുത്തുകാരനായ ഡഗ്ലസ് സ്റ്റുവാർട്ടിൻ്റെ ആദ്യ നോവലായ ഷഗ്ഗി ബെയിനാണ് പുരസ്‌കാരം ലഭിച്ചത്. 1980കളുടെ പശ്ചാതലത്തിലുള്ള ആൺകുട്ടിയുടെ കഥയാണ് നോവലിൽ പറയുന്നത്. ഗ്ലാസ്‌ഗോവ് നഗരത്തിൽ ജീവിക്കുന്ന കുട്ടിയുടെയും മദ്യത്തിന് അടിമയായ അമ്മയുടെയും കഥയാണ് ഇത്. സ്വന്തം ജീവിതത്തിലെ ദുരിതങ്ങളുടെ പ്രചോദനത്തിലാണ് നോവലിലെ പ്രമേയം.
കൊറോണ പശ്ചാത്തലത്തിൽ ഓൺലൈനിലൂടെയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. നൊബേൽ സമ്മാനത്തിന് ശേഷം ഒരു സാഹിത്യകൃതിക്ക് ലഭിക്കുന്ന ഏറ്റവും വലിയ പുരസ്‌കാരമാണ് മാൻ ബുക്കർ പ്രൈസ്. 50,000 പൗണ്ട് ആണ് പുരസ്‌കാരതുക.
പുരസ്കാരം ലഭിച്ചതിൽ അതീവ സന്തോഷം ഉണ്ടെന്നും പുരസ്‌കാരം മരണപ്പെട്ടുപോയ തന്റെ മാതാവിന് സമർപ്പിക്കുന്നുവെന്നും ഡഗ്ലസ് പ്രതികരിച്ചു. 16-ാം വയസ്സിലാണ് മദ്യത്തിന് അടിമയായ അമ്മയെ ഡഗ്ലസിന് നഷ്ടപ്പെട്ടത്. ബുക്കർ പ്രൈസ് നേടുന്ന രണ്ടാമത്തെ സ്‌കോട്ട്‌ലാന്റുകാരനാണ് ഡഗ്ലസ്. നേരത്തെ 1994ൽ ജെയിംസ് കെൾമാനാണ് ആദ്യമായി ബുക്കർ പ്രൈസിന് അർഹനായ സ്‌കോട്ട് പൗരൻ.