ന്യൂഡെൽഹി: ഭൂട്ടാന്റെ പ്രദേശം കൈയേറി ചൈന ഗ്രാമം സ്ഥാപിച്ചെന്ന റിപ്പോർട്ടു നിഷേധിച്ച് ഭൂട്ടാൻ. ഭൂട്ടാനിൽ രണ്ടു കിലോ മീറ്റർ ഉള്ളിലായി ചൈന ഒരു ഗ്രാമംസൃഷ്ടിച്ചെന്നായിരുന്നു റിപ്പോർട്ട്.
എന്നാൽ, ഭൂട്ടാനിൽ ചൈനീസ് ഗ്രാമങ്ങളില്ലെന്ന് ഇന്ത്യയിലെ ഭൂട്ടാൻ അംബാസഡർ മേജർ ജനറൽ വെട്സോപ് നംഗ്യെൽ എൻഡിടിവിയോട് പറഞ്ഞു. എന്നാൽ അതിർത്തി വിഷയങ്ങൾ സംബന്ധിച്ച് പ്രതികരിക്കാനും അദ്ദേഹം തയ്യാറായില്ല. എന്നാൽ ചൈനയും ഭൂട്ടാനും തമ്മിൽ അതിർത്തി സംബന്ധമായ ചർച്ചകൾ നടത്തിയിരുന്നുവെന്നും കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നടപടികൾ സാവധാനത്തിലായെന്നും അദ്ദേഹം വ്യക്തമാക്കി.
2017-ൽ ഇന്ത്യയുടെയും ചൈനയുടെയും സൈനികർ ദിവസങ്ങളോളം മുഖാമുഖം നിന്ന ഡോക്ലാമിന് ഒമ്പതു കിലോ മീറ്റർ അടുത്തുള്ള ചൈനീസ് ഗ്രാമത്തിന്റെ ചിത്രം ചൈനയുടെ ഔദ്യോഗികമാധ്യമമായ സിജിടിഎന്നിലെ മുതിർന്ന മാധ്യമപ്രവർത്തകൻ ഷെൻ ഷിവി വ്യാഴാഴ്ച സാമൂഹിക മാധ്യമത്തിൽ പോസ്റ്റു ചെയ്തിരുന്നു.
ഡോക്ലാം പ്രദേശത്തിനു സമീപത്തെ പുതിയ കുടിലുകളുടെ ചിത്രം എന്ന തലക്കെട്ട് ട്വീറ്റിൽനിന്ന് ഏറെ താമസിയാതെ നീക്കുകയും ചെയ്തു. ഭൂട്ടാന്റെ ഭാഗത്ത് രണ്ടു കിലോ മീറ്റർ ഉള്ളിലേക്കുവരെ ചൈനീസ് ഗ്രാമമായ പാംഗ്ഡ വ്യാപിച്ചുകിടക്കുന്നുണ്ട്. ഇന്ത്യയും ഭൂട്ടാനുമായുള്ള അതിർത്തി ഇല്ലാതാക്കാനുള്ള ചൈനയുടെ ശ്രമമാണിതെന്നാണ് വിലയിരുത്തപ്പെട്ടത്.
ചൈനീസ് ഗ്രാമവുമായി ബന്ധപ്പെട്ട റിപ്പോർട്ടിനെ ഭൂട്ടാൻ തളളിയത് വിചിത്രമെന്നും അസത്യമെന്നുമാണ് അന്താരാഷ്ട്ര നിരീക്ഷകനായ നഥാൻ റൂസർ അഭിപ്രായപ്പെട്ടത്.