വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം; രാഷ്ട്രീയ കൊലപാതകമെന്ന് ആവർത്തിച്ച് കുറ്റപത്രം

നെടുമങ്ങാട്: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിന്റെ കുറ്റപത്രം സമർപ്പിച്ചു. കൊലപാതകം നടന്ന് 77-ാം ദിവസമാണ് 2000 പേജുള്ള കുറ്റപത്രം സമർപ്പിക്കുന്നത്. കേസിൽ ഒൻപത് പ്രതികളും 189 സാക്ഷികളുമുണ്ട്. കൊലപാതകം, ഗൂഢാലോചന, എന്നിവ ഉൾപ്പെടെ പതിനൊന്ന് വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

ഉത്രാടദിവസം രാത്രി 11.10-നാണ് പുല്ലമ്പാറ പഞ്ചായത്തിലെ തേമ്പാമൂട് കവലയിൽവച്ച് ഡിവൈഎഫ്ഐ പ്രവർത്തകരായ ഹക്ക് മുഹമ്മദ്, മിഥിലാജ് എന്നിവർ കൊല്ലപ്പെട്ടത്. പിന്നിൽ രാഷ്ട്രീയ വൈരാഗ്യമാണെന്നതാണ് കുറ്റപത്രം.

ഒമരുതുംമൂട് ചെറുകോണത്ത് വീട്ടിൽ സജീവ്(35), മദപുരം വാഴവിള പൊയ്കവീട്ടിൽ സനൽ(32), മദപുരം തടത്തരികത്ത് വീട്ടിൽ പ്രീജ(30), പുല്ലമ്പാറ ചരുവിള പുത്തൻവീട്ടിൽ അജിത്ത്(27), മരുതുംമൂട് ഷജിത്ത് മൻസിലിൽ ഷജിത്ത്(27), മരുതുംമൂട് റോഡരികത്ത് വീട്ടിൽ സതിമോൻ(40), മരുതുംമൂട് വീട്ടിൽ നജീബ്(41), മദപുരം വ്യാഴവിള വീട്ടിൽ ഉണ്ണി(42), പുല്ലമ്പാറ വീട്ടിൽ അൻസാർ(32) എന്നിവരാണ് റിമാൻഡിലുള്ളത്. മൂന്നു പേരാണ് സംഭവത്തിൽ നേരിട്ട് പങ്കുള്ളത്.

കൊലപാതകത്തിന് ഒരു മാസം മുൻപ് ഡിവൈഎഫ്ഐ പ്രവർത്തകനായ ഫൈസലും പ്രതികളിൽ ചിലർ തമ്മിൽ വാക്കേറ്റം ഉണ്ടായിരുന്നു. തുടർന്നുണ്ടായ പ്രശ്നങ്ങളും പാർലിമെന്റിൽ തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശ ദിവസം നടന്ന സംഘർഷവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും കുറ്റപത്രം പറയുന്നു.

റൂറൽ എസ്പി അശോകന്റെ മേൽനോട്ടത്തിൽ ആറ്റിങ്ങൽ ഡിവൈഎസ്പി സുരേഷ്, വെഞ്ഞാറമ്മൂട് സിഐ വിജയരാഘവൻ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു അന്വേഷണം.