ചെന്നൈ: തിരുനെൽവേലിയിൽ ട്രെയിൻ എൻജിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിച്ച പതിനാലുകാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. ഒമ്പതാം ക്ലാസ് വിദ്യാർഥിയായ ജ്ഞാനേശ്വരനാണ് (14) അതിദാരുണമായി മരിച്ചത്.
വ്യാഴാഴ്ച രാവിലെ തിരുനെൽവേലി ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട എൻജിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ജ്ഞാനേശ്വരന്റെ ശരീരം ഹൈ വോൾട്ടേജ് പവർ ലൈനിൽ തട്ടിയത്. വൈദ്യുതാഘാതമേറ്റ ജ്ഞാനേശ്വരൻ തൽക്ഷണം മരിച്ചുവെന്ന് പോലീസ് അറിയിച്ചു.
ജൂനിയർ ക്വാളിറ്റി ഇൻസ്പെക്ടറായ അച്ഛനൊപ്പമാണ് ജ്ഞാനേശ്വരൻ റെയിൽവേ സ്റ്റേഷനിലേക്കെത്തിയത്. തൊട്ടടുത്ത പ്ലാറ്റ്ഫോമി്ൽ അച്ഛൻ ജോലി ചെയ്യുന്നതിനിടെയാണ് ജ്ഞാനേശ്വരൻ അപകടത്തിൽപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.
പോസ്റ്റ്മോർട്ടത്തിനായി കുട്ടിയുടെ മൃതദേഹം തിരുനെൽവേലി മെഡിക്കൽ കോളേജിലേക്ക് മാറ്റി. അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണ്.