പാലാരിവട്ടം പാലം അഴിമതിക്കേസ് ; കൺസൾട്ടൻസി ഉടമ നാഗേഷ് ഗൂഢാലോചന നടത്തിയെന്ന് വിജിലൻസ്

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്ത, ബെംഗളുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഗേഷ് കൺസൾട്ടൻസി ഉടമ ബിവി നാഗേഷിനെ ഒരു ദിവസത്തെ വിജിലൻസ് കസ്റ്റഡിയിൽ വിട്ടു. ‌കേസിൽ നിർമാണക്കരാർ ഏറ്റെടുത്ത ആർ‍‍ഡിഎസ് ഗ്രൂപ്പ് എംഡിയും ഒന്നാം പ്രതിയുമായ സുമിത് ഗോയലിന് ലാഭമുണ്ടാക്കാനായി ബി വി നാഗേഷ് പ്രവ‍ർത്തിച്ചുവെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ വിജിലൻസ് പറയുന്നത്.

സുമിത് ഗോയലിന് ലാഭമുണ്ടാക്കാനായി നാഗേഷ് പ്ലാൻ വരച്ചുകൊടുത്തു. ഇതിനായി ഗൂഢാലോചന നടത്തി. നാഗേഷ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും വിജിലൻസ് കോടതിയെ അറിയിച്ചു. നാളെ വൈകിട്ട് അഞ്ച് മണി വരെയാണ് നാഗേഷിനെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. ചൊവ്വാഴ്ച ജാമ്യാപേക്ഷ കോടതി പരിഗണിക്കും.

കരാറുകാരന് അനധികൃതമായി മൊബിലൈസേഷൻ അഡ്വാന്‍സ് അഥവാ മുന്‍കൂര്‍ വായ്പ അനുവദിക്കുന്നതിന് കൂട്ടു നിന്നു. രണ്ട്, ചട്ടപ്രകാരം കരാറുകാരനില്‍ നിന്ന് സുരക്ഷാ നിക്ഷേപം ഈടാക്കുന്നതില്‍ വീഴ്ച വരുത്തി. കരാറുകാരുമായുള്ള പ്രീ ബിഡ് യോഗത്തില്‍, നിര്‍മാണ കമ്പനികൾക്ക് വായ്പ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇത് മൂലം പല കരാറുകാരും ടെന്‍ഡറില്‍ പങ്കെടുക്കാതെ പിന്‍മാറുകയും ചെയ്തു.‌

കേസിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷിനെയും പ്രതി ചേര്‍ത്തിരുന്നു. പാലം നിര്‍മാണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ മുഹമ്മദ് ഹനീഷിന് ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് വിജിലൻസിന്‍റെ ആരോപണം. പാലാരിവട്ടം പാലം നിര്‍മാണത്തിന് ആര്‍ഡിഎസ് പ്രോജക്ട്സിന് കരാര്‍ നൽകുമ്പോൾ മുഹമ്മദ് ഹനീഷ് ആയിരുന്നു റോഡ്സ് ആന്‍റ് ബ്രിഡ്ജസ് കോർപ്പറേഷന്‍റെ തലപ്പത്ത്. വിജിലന്‍സ് ഹനീഷിനെതിരെ ചുമത്തുന്നത് രണ്ട് കുറ്റങ്ങളാണ്.