ഐ ഫോണ്‍ വാങ്ങാൻ വൃക്ക വിറ്റ 25 കാരന്‍ കിടപ്പിലായി

ബീജിങ്: ഐ ഫോണ്‍ വാങ്ങണമെന്ന മോഹത്തെ തുടർന്ന് വൃക്ക വിറ്റു. ഒടുവിൽ 25 കാരന്‍ കിടപ്പിലായി. ചൈനാക്കാരനായ വാങ് ഷങ്കുന്‍ എന്ന 25 കാരനാണ് ഐ ഫോണ്‍ വാങ്ങാന്‍ മറ്റ് വഴികളൊന്നും കാണാതെ തന്റെ വൃക്ക വിറ്റത്. 2011 ലാണ് സംഭവം. അന്ന് 17 വയസ് മാത്രമായിരുന്നു ഇദ്ദേഹത്തിന്റെ പ്രായം.

ചൈനയിലെ അന്‍ഹുയി പ്രവിശ്യ സ്വദേശിയാണ് വാങ് ഷങ്കുന്‍. 3273 ഡോളറിനാണ് ഷങ്കുന്‍ വൃക്ക വിറ്റത്. ഐ പാഡ് 2, ഐ ഫോണ്‍ 4 ഉം വാങ്ങാനാണ് ഷങ്കുന്‍ അറ്റകൈ പ്രയോഗം നടത്തിയത്. ഒരു വൃക്ക മതി ജീവിക്കാന്‍ എന്നായിരുന്നു അന്ന് ഇദ്ദേഹത്തിന്റെ വാദം. ഓണ്‍ലൈന്‍ ചാറ്റ് റൂം വഴി ഷങ്കുന്‍ തന്നെയാണ് ഇടപാടുകാരെ കണ്ടെത്തിയത്.

ചൈനയിലെ ഹുനാന്‍ പ്രവിശ്യയില്‍ നടന്ന അനധികൃത ശസ്ത്രക്രിയയിലൂടെയാണ് ഷങ്കുന്റെ ശരീരത്തില്‍ നിന്നും വൃക്ക പുറത്തെടുത്തത്. ശസ്ത്രക്രിയയ്ക്ക് ശേഷം ആവശ്യമായിരുന്ന വിശ്രമവും ശുശ്രൂഷയും ഷങ്കുന് ലഭിച്ചില്ല. തുടര്‍ന്ന് അവശേഷിച്ച കവൃക്കയില്‍ അണുബാധയേറ്റു. രോഗം മൂര്‍ച്ഛിച്ചതോടെ യുവാവ് കിടപ്പിലുമായി.

മകന്റെ കൈവശം വിലയേറിയ ഐ ഫോണ്‍ കണ്ട മാതാവിന് സംശയം തോന്നിയതോടെയാണ് ശസ്ത്രക്രിയയുടെ വിവരങ്ങള്‍ പുറത്തായത്. അമ്മയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി നടന്നതെല്ലാം ഷങ്കുന്‍ തുറന്നുപറഞ്ഞു. പിന്നാലെ പൊലീസും കേസുമായി ഒന്‍പത് പേരുടെ അറസ്റ്റിലേക്ക് വരെ കാര്യങ്ങളെത്തി.