കൊച്ചി മെട്രോ; രാജമാണിക്യത്തിനെതിരെ വിജിലൻസ്​ അന്വേഷണത്തിന്​ സർക്കാർ അനുമതി

കൊച്ചി: എറണാകുളം മുൻ ജില്ലാ കലക്​ടർ എംജി രാജമാണിക്യത്തിനെതിരെ അന്വേഷണത്തിന്​ സർക്കാർ അനുമതി. അഴിമതി നിരോധന നിയമപ്രകാരമായിരിക്കും അന്വേഷണം നടത്തുക. കൊച്ചി മെട്രോക്കായി ശീമാട്ടിയുടെ ഭൂമി ഏറ്റെടുത്ത കേസിലാണ്​ അന്വേഷണം നടത്തുക.

കൊച്ചി മെട്രോക്കായി ഭൂമി വിട്ടുനൽകാൻ വസ്​ത്രവ്യാപാര സ്ഥാപനമായ ശീമാട്ടി തയാറായിരുന്നില്ല. തുടർന്ന്​ മെട്രോയുടെ നിർമാണം മുടങ്ങുകയും ചെയ്​തിരുന്നു. മാരത്തോൺ ചർച്ചകൾക്കൊടുവിലാണ്​ ശീമാട്ടിയുടെ ഭൂമി ഏറ്റെടുക്കാൻ സാധിച്ചത്​. എന്നാൽ, ഭൂമി ഏറ്റെടുക്കുന്നതിനായി ഉണ്ടാക്കിയ കരാർ വ്യവസ്ഥകൾ വിവാദമായിരുന്നു.

ഭൂമിക്ക്​ അധിക തുകയാണ്​ കരാർ പ്രകാരം നൽകിയതെന്നായിരുന്നു പ്രധാന ആരോപണം. ഇതിലൂടെ കോടികളുടെ നഷ്​ടം മെട്രോ റെയിൽ കോർപ്പറേഷന്​​ ഉണ്ടായി. 2016ൽ ഇതുമായി ബന്ധപ്പെട്ട കേസിൽ സർക്കാറിൻെറ അനുമതിയോടെ അന്വേഷണം നടത്തണമെന്ന്​ തിരുവനന്തപുരം വിജിലൻസ്​ കോടതി നിർദേശിച്ചിരുന്നു. ഇക്കാര്യത്തിലാണ്​ ഇപ്പോൾ സർക്കാർ തീരുമാനമുണ്ടായത്​.