ന്യൂഡെല്‍ഹി: നിയന്ത്രണങ്ങൾ നിസാരമായി കണ്ട് കൊറോണ വ്യാപനം രൂക്ഷമായ രാജ്യതലസ്ഥാനത്ത് കൊറോണയെ പ്രതിരോധിക്കാന്‍ മാസ്‌ക് ധരിച്ചില്ലെങ്കിൽ കടുത്ത പിഴ ചുമത്താൻ ഡെല്‍ഹി സര്‍ക്കാര്‍. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ 2000 രൂപ ഈടാക്കാനാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഉത്തരവ്. ഇതുവരെ 500 രൂപയായിരുന്നു പിഴ.
തെരുവിലുള്ള ആളുകള്‍ക്ക് എല്ലാ സാമൂഹിക, രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും മാസ്‌ക് വിതരണം ചെയ്യണമെന്ന് കെജ്രിവാള്‍ നിർദ്ദേശിച്ചു. മാസ്‌ക് ധരിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് കൊറോണ വൈറസ് സാധ്യത കുറയും. ഡെല്‍ഹിയിലെ കൊറോണ കേസുകള്‍ കുറയ്ക്കുന്നതിന് ഇത് വളരെ അത്യാവശ്യമാണ്. എല്ലാവരും ദയവായി മാസ്‌ക് ധരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഡെല്‍ഹിയിലെ തടാകങ്ങളിലും നദികളിലും പൊതു സ്ഥലങ്ങളിലും നടക്കുന്ന ഛാത് പൂജ ആഘോഷങ്ങള്‍ നിരോധിച്ച വിവരവും കെജ്രിവാള്‍ അറിയിച്ചു. ഈ വര്‍ഷം ജനങ്ങള്‍ വീട്ടില്‍ നിന്നും ആഘോഷിക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.
രാഷ്ട്രീയവും ആരോപണങ്ങളും കുറച്ച് നാളുകള്‍ മാറ്റിവെക്കുക. ജനങ്ങളെ സേവിക്കാനുള്ള സമയമാണിത്. എല്ലാവരും ഒറ്റകെട്ടായി നിന്ന് അതിനുള്ള ശ്രമങ്ങള്‍ നടത്തണമെന്ന് എല്ലാ പാര്‍ട്ടിക്കാരോടും ആവശ്യപ്പെടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.