ന്യൂഡെൽഹി: 2013 ഏപ്രിൽ ഒന്നിന് മുമ്പ് സർക്കാർ സർവ്വീസിൽ പ്രവേശിച്ചവരുടെ വിരമിക്കൽ പ്രായം 60 ആക്കണമെന്ന ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേരള സർക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്.
ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആണ് നോട്ടീസ് അയച്ചത്. പങ്കാളിത്ത പെൻഷൻകാരുടെ വിരമിക്കൽ പ്രായം തങ്ങൾക്കും ലഭിക്കണം എന്നാവശ്യപ്പെട്ടുള്ള സർക്കാർ ജീവനക്കാരുടെ ഹർജിയിലാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്.
പങ്കാളിത്ത പെൻഷനിൽ ഉൾപ്പെടുന്നവരുടെ വിരമിക്കൽ പ്രായം ഉയർത്തുന്നതിനായി കേരള സർവ്വീസ് ചട്ടത്തിൽ സർക്കാർ 2013-ൽ ഭേദഗതി കൊണ്ടു വന്നിരുന്നു. എന്നാൽ ഈ ഭേദഗതി വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പങ്കാളിത്ത പെൻഷൻ പദ്ധതി നിലവിൽ വരുന്നതിന് മുമ്പ് സർക്കാർ സർവീസിൽ പ്രവേശിച്ച സാജു നമ്പാടൻ, ടി.കെ. മൂസ എന്നിവർ കോടതിയെ സമീപിച്ചത്. തങ്ങളുടെയും വിരമിക്കൽ പ്രായം 60 വയസ് ആക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം.
സ്റ്റാറ്റിയൂട്ടറി പെൻഷൻ ലഭിക്കുന്നതിന് പുറമെ വിരമിക്കൽ പ്രായം 60 ആയി ഉയർത്തണമെന്നാണോ ഹർജിക്കാരുടെ ആവശ്യമെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആരാഞ്ഞു. കേന്ദ്ര സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം 60 വയസാണെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കെ. രാജീവ് ചൂണ്ടിക്കാട്ടി.
സുപ്രീം കോടതി നോട്ടീസ് അയച്ച സാഹചര്യത്തിൽ പങ്കാളിത്ത പെൻഷൻ പദ്ധതി സംബന്ധിച്ച് സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയിൽ നിലപാട് വ്യക്തമാക്കേണ്ടി വരും. പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിക്കാൻ കഴിയുമോയെന്ന് പഠിക്കാൻ റിട്ട. ജില്ലാ ജഡ്ജി എസ്. സതീഷ് ചന്ദ്രബാബുവിന്റെ അധ്യക്ഷതയിലുള്ള സമിതിക്ക് നേരത്തെ പിണറായി വിജയൻ സർക്കാർ രൂപം നൽകിയിരുന്നു.
2013 ഏപ്രിൽ ഒന്നിനുശേഷം സർക്കാർ സർവീസിൽ നിയമനം ലഭിച്ചവരാണ് പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ വരിക. ഇവരുടെ ശമ്പളത്തിന്റെ 10% നാഷണൽ പെൻഷൻ സ്കീമിൽ നിക്ഷേപിക്കുന്നുണ്ട്. തുല്യമായ തുക സർക്കാരും നിക്ഷേപിക്കുന്നു.