കൊച്ചി: സിപിഎം അസഹിഷ്ണുത രാഷ്ട്രീയ നിരീക്ഷകനായ അഡ്വ .എ ജയശങ്കറോട് പരസ്യമായി പ്രകടിപ്പിച്ച് പാർട്ടി. ചാനൽ ചർച്ചകളിലാണ് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ എ ജയശങ്കറെ സിപിഎം ബഹിഷ്‌ക്കരിക്കാൻ തീരുമാനിച്ചതെന്ന് സി പിഎം പറയുന്നു. അതിന്റെ ഭാഗമായി ഇന്നലെ നടന്ന ഏഷ്യനെറ്റിലെ ചർച്ചയിൽ നിന്നും സിപിഎം പ്രതിനിധി എ എൻ ഷംസീർ എംഎൽഎ ഇറങ്ങിപ്പോയി. മുസ്ലിം ലീഗിന്റെ പ്രതിനിധിയായ പി കെ ഫിറോസും ബിജെപി പ്രതിനിധിയായ കെ പി പ്രകാശ്‌ബാബുവും അഡ്വ എ ജയശങ്കറുമായിരുന്നു ന്യൂസ് അവർ ചർച്ചയിലുണ്ടായിരുന്നത്.
അവതാരകൻ വിനു വി ജോൺ ആയിരുന്നു. ചർച്ചയുടെ തുടക്കത്തിൽ ഫിറോസിനോടായിരുന്നു അവതാരകൻ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരുന്നത്. തുടർന്ന് സിപിഎം പ്രതിനിധിയോട് ചോദിച്ചപ്പോഴായിരുന്നു സിപിഎം പ്രതിനിധിയെന്ന നിലയിൽ താൻ ഈ ചർച്ചയിൽ നിന്നും വിട്ടു നിൽക്കുകയാണെന്ന് ഷംസീർ പറഞ്ഞത്. ജയശങ്കർ പങ്കെടുക്കുന്ന ചർച്ചയിൽ സിപിഎം പ്രതിനിധികൾ പങ്കെടുക്കില്ലെന്ന് നേരത്തെ ചാനലിനെ അറിയിച്ചിട്ടും നിങ്ങൾ ജയശങ്കറെ പങ്കെടുപ്പിച്ചതുകൊണ്ട് ചർച്ചയിൽ പങ്കെടുക്കുന്നില്ലെന്നു പറഞ്ഞു കൊണ്ട് അദ്ദേഹം ഇറങ്ങി പോകുകയാണ് ഉണ്ടായത്.
എന്തുകൊണ്ടാണ് ജയശങ്കറെ ബഹിഷ്ക്കരിക്കുന്നതെന്ന് അവതാരകൻ ചോദിച്ചിട്ടും ഉത്തരം നൽകിയില്ല. ഒരു പാർട്ടിക്ക് ഇഷ്ടമല്ലാത്തവരെ പങ്കെടുപ്പിക്കാൻ പാടില്ലെന്ന നിലപാട് ജനാധിപത്യമല്ലെന്നും ന്യൂസ് അവറിനു ഇത്തരമൊരു നിലപാട് അംഗീകരിക്കാനാവില്ലെന്നും അവതാരകൻ പറഞ്ഞു.
ജയശങ്കറെ കൂടാതെ മറ്റു ചിലരെ കൂടി ബഹിഷ്‌ക്കരിക്കാൻ തീരുമാനിച്ചതായാണ് പറയപ്പെടുന്നത്. തങ്ങളെ വിമർശിക്കുന്നവരുമായി ചർച്ചയിൽ പങ്കെടുക്കേണ്ടയെന്ന നിലപാടിനെതിരെ വിമർശനം ഉയർന്നു കഴിഞ്ഞു.