മൂന്ന് മാസത്തിനുള്ളില്‍ കൊറോണ വാക്‌സിന്‍ തയ്യാറാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രിയുടെ ഉറപ്പ്

ന്യൂഡെല്‍ഹി: ഡിസംബറില്‍ കൊറോണ വാക്‌സിനെത്തുമെന്ന് ലോക ആരോഗ്യ സംഘടന പറഞ്ഞതിനുപിന്നാലെ കേന്ദ്രത്തിന്റെ ഉറപ്പുമായി ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. അടുത്ത മൂന്ന്, നാല് മാസത്തിനുള്ളില്‍ രാജ്യത്ത് കൊറോണ വാക്‌സിന്‍ തയ്യാറാകുമെന്നാണ് അദ്ദേഹം പറയുന്നത്. ശാസ്ത്രീയ ഡാറ്റകളുടെ അടിസ്ഥാനത്തിലാണ് വാക്‌സിനുള്ള മുന്‍ഗണന തീരുമാനിക്കുന്നത്.

ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊറോണ പോരാളികള്‍ക്കും ആദ്യ മുന്‍ഗണന നല്‍കും. തുടര്‍ന്ന് പ്രായമായവര്‍ക്കും നല്‍കും. ഇതിന്റെ ബ്ലൂപ്രിന്റ് ചര്‍ച്ച ചെയ്യുന്നതിനായി ഒരു ഇ-വാക്‌സിന് ഇന്റലിജന്‍സ് പ്ലാറ്റ്‌ഫോ ഒരുക്കി. 2021 നമുക്കെല്ലാവര്‍ക്കും മികച്ച വര്‍ഷമായിരിക്കുമെന്ന് ഹര്‍ഷവര്‍ധന്‍ പറഞ്ഞു.

2021 ജൂലൈ- ഓഗസ്റ്റ് ആകുമ്പോഴേക്കും 25-30 കോടി ആളുകള്‍ക്ക് 400-500 ദശലക്ഷം ഡോസുകള്‍ ലഭ്യമാക്കും. ആദ്യം 65 വയസ്സിന് മുകളിലുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും, പിന്നെ 50 വയസ്സുള്ളവര്‍ക്ക്. തുടര്‍ന്ന് 50 വയസ്സിന് താഴെ മറ്റ് രോഗങ്ങളുള്ളവര്‍ക്ക് നല്‍കും. ഇതെല്ലാം ശാത്രീയ വീക്ഷണത്തോടെ വിദഗ്ധര്‍ തീരുമാനിക്കും.

അടുത്ത വര്‍ഷം മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ ഞങ്ങള്‍ എന്താണ് ചെയ്യേണ്ടതെന്ന ആസൂത്രണം ഇപ്പോഴേ ആരംഭിച്ചുകഴിഞ്ഞു. നല്ല നിലവാരമുള്ള മാസ്‌ക് ശരിയായി ധരിക്കുക, സാമൂഹിക അകലം പാലിക്കുക, ശുചിത്വം പാലിക്കുക തുടങ്ങിയ ചെറിയ മുന്‍കരുതലുകള്‍ ഉപയോഗിച്ച് ഈ മാരകമായ വൈറസില്‍ നിന്ന് സ്വയം രക്ഷനേടാന്‍ കഴിയുമെന്നും ഹര്‍ഷവര്‍ധന്‍ വ്യക്തമാക്കി.