ന്യൂഡെൽഹി: കേന്ദ്രമന്ത്രി സദാനന്ദഗൗഡയ്ക്ക് കൊറോണ സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. സ്വയം നിരീക്ഷണത്തിലാണെന്നും മന്ത്രി ട്വീറ്റ് ചെയ്തു.രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് മന്ത്രി കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയനാകുകയായിരുന്നു.
താനുമായി സമ്പർക്കത്തിൽ വന്നവരെല്ലാം ജാഗ്രതയോടെയിരിക്കണമെന്നും കൊറോണ പ്രോട്ടോക്കോൾ പാലിക്കണമെന്നും സദാനന്ദ ഗൗഡ അറിയിച്ചിട്ടുണ്ട്.
അതേസമയം രാജ്യത്ത് കൊറോണ പോസിറ്റിവിറ്റി നിരക്ക് കുറയുമ്പോഴും ഡെൽഹി രോഗവ്യാപനം വൻതോതിൽ സംഭവിക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. വെൈറസ് വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ രാജ്യതലസ്ഥാനത്ത് മാസ്ക് ധരിച്ചില്ലെങ്കിൽ 2,000 രൂപ പിഴയടയ്ക്കണം. നിലവിൽ 500 രൂപയാണ് പിഴ തുക.
ഡെൽഹിയിലെ പൊതുസ്ഥലങ്ങളിൽ ജനങ്ങൾക്ക് മാസ്ക് വിതരണം ചെയ്യണമെന്ന് രാഷ്ട്രീയ പാർട്ടികളോടും സന്നദ്ധ സംഘടനകളോടും അദ്ദേഹം ആവശ്യപ്പെട്ടു. ദീപാവലി ഉത്സവത്തോട് അനുബന്ധിച്ചുണ്ടായ തിരക്കിനെ തുടർന്ന് നവംബർ ആദ്യം മുതൽ ഡൽഹിയിൽ കൊറോണകേസുകളുടെയും മരണസംഖ്യയുടെയും എണ്ണത്തിൽ വൻവർധനവുണ്ടായിരുന്നു.
കഴിഞ്ഞ ആഴ്ച പ്രതിദിന കൊറോണ രോഗികളുടെ എണ്ണം 8,000 കടന്നപ്പോൾ കേന്ദ്രസർക്കാർ പാരാമെഡിക്കൽ സംഘത്തെ ഡൽഹിയിൽ നിയോഗിക്കുകയും ആശുപത്രിയിലെ കിടക്കകളുടെ എണ്ണം വർധിപ്പിക്കുകയും ചെയ്തിരുന്നു.ഡൽഹി സർക്കാരിൻറെ നിയന്ത്രണത്തിലുള്ള 663 ആശുപത്രികളിലെയും കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള 750 ആശുപത്രികളിലെയും ഐസിയു കിടക്കകളുടെ എണ്ണമാണ് വർധിപ്പിച്ചത്.